- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരുടെ അവസ്ഥ മനസ്സിലാക്കാൻ കേന്ദ്രം തയാറാകുന്നില്ല; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരമെന്ന് അണ്ണാ ഹസാരെ
ന്യൂഡൽഹി: കർഷക സമരത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഇടപെടുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ആവശ്യവുമായി നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് അണ്ണാ ഹസാരെ. അഹമ്മദ് നഗർ ജില്ലയിലെ റാലെഗൺ സിദ്ധിയിലാണ് അദ്ദേഹം സമരം ആരംഭിക്കുന്നത്. കർഷകരോട് അനുഭാവപൂർവ്വമല്ല സർക്കാർ പെരുമാറുന്നതെന്നാണ് അണ്ണ ഹസാരെ ആരോപിക്കുന്നത്. അക്രമരഹിതമായ പ്രതിഷേധമാണ് ആവശ്യമെന്ന് കൂട്ടിച്ചേർത്ത ഹസാരെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു.
കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള തന്റെ നിർദ്ദേശങ്ങൾ തള്ളിയതിന് അദ്ദേഹം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അതിനാലാണ് 30 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നാലുവർഷമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. സർക്കാർ കർഷകരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നില്ല എന്ന് വേണം കരുതാൻ. കർഷകരോട് അനുഭാവപൂർവ്വമല്ല സർക്കാർ പെരുമാറുന്നതെന്നും അണ്ണ ഹസാരെ പറഞ്ഞു.
"കർഷക പ്രശ്‌നത്തിന് പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും ഞാൻ കത്തെഴുതിയത്. കർഷകരുടെ അവസ്ഥ മനസ്സിലാക്കാൻ കേന്ദ്രം തയാറാകുന്നില്ല. അതിനാൽ, ജനുവരി 30 മുതൽ റാലേഗൺ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും", അണ്ണ ഹസാരെ പ്രസ്താവിച്ചു. സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യവും അണ്ണ ഹസാരെ ഉന്നയിച്ചു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ കഴിഞ്ഞ ഡിസംബറിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമിനാഥൻ കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുക, കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന് സ്വയംഭരണാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ അന്ന് മുന്നോട്ടുവെച്ചിരുന്നത്. ഈ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാൽ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ