- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാളം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ കുലുക്കി കർഷക രോഷം; ഒന്നിനോടും സന്ധി ചെയ്യാത്ത അമിത് ഷാ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറെന്ന് പറയുന്നു; ഉറപ്പുകൾ എഴുതി നൽകാമെന്ന നിർദ്ദേശം പോലും അവഗണിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നു; കർഷക പ്രക്ഷോഭത്തിന് മുമ്പിൽ മുട്ടു മടക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് മോദി സർക്കാർ
ന്യൂഡൽഹി: ആരെന്തു ചെയ്യാലും കുലുങ്ങാത്ത അമിത് ഷാ. കാര്യങ്ങൾ നിശ്ചയിക്കുന്നത് പോലെ മാത്രം ചെയ്യുന്ന ആഭ്യന്തര മന്ത്രി. എന്നാൽ കർഷക രോഷത്തിന് മുന്നിൽ ഷായും കുലുങ്ങുകയാണ്. എങ്ങനേയും പ്രശ്നം തീർക്കാനാണ് ശ്രമം. അപ്പോഴും ആദ്യം എടുത്ത നിലപാടിൽ നിന്ന് കർഷകർ മാറുന്നില്ല. എന്തു വിട്ടു വീഴ്ചയും ചെയ്യാമെന്ന് പറഞ്ഞ് വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ 13 നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. പ്രശ്നപരിഹാരത്തിന് സർക്കാർ ഉറപ്പുകൾ എഴുതി നൽകാമെന്ന് അമിത് ഷാ വ്യക്തമാക്കി. കർഷക നിയമം പിൻവലിക്കില്ലെന്നും അറിയിച്ചു.
നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരുമെന്നു വ്യക്തമാക്കിയ കർഷകർ, കേന്ദ്ര സർക്കാരുമായി ബുധനാഴ്ച നടത്താനിരുന്ന ആറാം ഘട്ട ചർച്ച റദ്ദാക്കി. സർക്കാരിന്റെ ഉറപ്പുകൾ കർഷക നേതാക്കൾ ചർച്ച ചെയ്യും. അമിത് ഷായുടെ ഔദ്യോഗിക വസതിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് കാംപസിൽ വച്ചായിരുന്നു ചർച്ച നടന്നത്. നിയമങ്ങൾ റദ്ദാക്കുന്നതിൽ കുറഞ്ഞൊന്നും സ്വീകരിക്കില്ലെന്ന് കർഷക സംഘടനകൾ ചർച്ചയ്ക്കു മുൻപ് പ്രതികരിച്ചിരുന്നു. 'അതെ എന്നോ ഇല്ല എന്നോ' ഉള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടനകൾ വ്യക്തമാക്കി. കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചതിനു പിന്നാലെയാണ് അമിത് ഷാ ചർച്ചയ്ക്കു തയാറായത്. ഈ സമരം പുതിയ പ്രതിസന്ധിയായി സർക്കാരിന് മാറുകയാണ്. എങ്ങനേയും കർഷക സമരം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുമെന്നാണ് സൂചന.
കർഷകസംഘടനകളുടെ ഭാരത് ബന്ദിൽ പല സംസ്ഥാനങ്ങളിലും റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കർഷകസംഘടനാ നേതാക്കൾ ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങളിലെ ന്യായീകരണങ്ങൾ കേന്ദ്രം ആവർത്തിച്ചതിനാൽ വിഷയത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകാത്തതിനാൽ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച ആറാംവട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഇത് കേന്ദ്രത്തിന് പ്രതിസന്ധിയാവുകയാണ്. എങ്ങനേയും കർഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം.
പഞ്ചാബിലും ഹരിയാണയിലും ബന്ദിനെത്തുടർന്ന് ജനജീവിതം നിശ്ചലമായി. ബന്ദ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും രാജസ്ഥാനിലെ ജയ്പുരിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി.) പ്രകടനത്തെ പൊലീസ് നേരിട്ടതും സംഘർഷമുണ്ടാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു. ഇതും മോദി സർക്കാരിന് തിരിച്ചടിയായി. ഇതോടെയാണ് അമിത് ഷാ നേരിട്ട് പ്രശ്ന പരിഹാരത്തിന് എത്തിയതും. അതും വെറുതെയായി. ഇനി മോദിയുമായി വീണ്ടും അമിത് ഷാ കാര്യങ്ങൾ ചർച്ച ചെയ്യും. അതു കഴിഞ്ഞ് തീരുമാനം ഉണ്ടാകും.
ഭാരത് ബന്ദിനിടെ ഡൽഹി-ഹരിയാണ അതിർത്തിയിലെ ഗുഡ്ഗാവിനടുത്ത് ബിലാസ്പുരിൽ പ്രതിഷേധിച്ച കിസാൻസഭ ജോയന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എംപി., ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയന്റ് സെക്രട്ടറി വിക്രം സിങ് തുടങ്ങി ഇരുനൂറിലേറെപ്പേരെ അറസ്റ്റുചെയ്തു നീക്കി. കാൻപുരിൽ സിപിഎം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയെ യു.പി. പൊലീസ് വീട്ടുതടങ്കലിലാക്കി. രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് ശിവകുമാർ കക്കാജി, തമിഴ്നാട്ടിലെ കർഷകസമരനായകൻ അയ്യാക്കണ്ണ് എന്നിവരെയും ഡൽഹിയിൽ അറസ്റ്റു ചെയ്തു. നേതാക്കളെയെല്ലാം പിന്നീട് വിട്ടയച്ചു.
പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലായിരുന്നു റെയിൽ ഉപരോധം. ഡൽഹിയിൽ ബന്ദ് ഭാഗികമായി പ്രകടമായി. എന്നാൽ, നഗരമധ്യത്തിലെ കൊണാട്ട്പ്ലേസിൽ കടകളും സ്ഥാപനങ്ങളുമെല്ലാം തുറന്നുപ്രവർത്തിച്ചു. രാജ്യത്തെ 20,000 കേന്ദ്രങ്ങളിലായി അരക്കോടിപ്പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ബന്ദ് ചരിത്രവിജയമാണെന്ന് കിസാൻസഭയും പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ