ന്യൂഡൽഹി: കർഷക പ്രക്ഷോഭം അതിശക്തമായി തുടരും. രാഷ്ട്രപതിയുടെ പാർലമെന്റിലെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും. കേന്ദ്ര സർക്കാരുമായി നിസഹകരണമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. ഇതിനിടെ അതിശക്തമായ നടപടികൾ കേന്ദ്രവും തുടങ്ങി കഴിഞ്ഞു. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവർ അടക്കം 8 പേർക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തു. മധ്യ ഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ്‌ െചയ്‌തെന്നു ചൂണ്ടിക്കാട്ടി യുപി പൊലീസാണു കേസെടുത്തത്.

കേന്ദ്രം നിലപാട് കടുപ്പിക്കുമെന്നു മുൻകൂട്ടി കാണുന്ന സംഘടനകൾ അതിനെ നേരിടാനുള്ള ആലോചനകൾക്കു തുടക്കമിട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്റെ പേരിൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ നേരിടാനുള്ള വഴികളും കർഷകർ തേടുന്നുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കിയവരെ കണ്ടെത്തി പൊലീസിനെ ഏൽപിക്കാനുള്ള ഒരുക്കത്തിലാണു സംഘടനകൾ. 2 മാസമായ പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.

സംഘർഷവുമായി ബന്ധപ്പെട്ട് 44 പേർക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ തീരുമാനിച്ചു. നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് ദർശൻ പാൽ, രാകേഷ് ടിക്കായത് തുടങ്ങിയവരടക്കം 20 നേതാക്കൾക്കു നോട്ടിസ് അയച്ചു. സംഘർഷമുണ്ടാക്കിയവരുടെ പട്ടിക 3 ദിവസത്തിനകം കൈമാറാനും ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ പഞ്ചാബി നടൻ ദീപ് സിദ്ദുവിനായും തിരച്ചിൽ ഊർജിതമാക്കി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടു.

കർഷക സംഘടനകളുമായി തുടർചർച്ചകൾ നടത്തുന്ന കാര്യത്തിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതയായും സൂചനയുണ്ട്. ചർച്ച നടത്താൻ കേന്ദ്രം ഉപാധികൾ വച്ചേക്കുമെന്ന സൂചന പുറത്തുവന്നു. വാഗ്ദാനങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് കർഷകർ നൽകിയാൽ മാത്രം ചർച്ച എന്ന കർശന നിലപാട് കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണു വിവരം. പ്രക്ഷോഭം അവസാനിപ്പിച്ചാൽ ഒന്നര വർഷത്തേക്കു നിയമങ്ങൾ നടപ്പാക്കുന്നതു മരവിപ്പിക്കാമെന്നും പോരായ്മകൾ പരിശോധിക്കാൻ സമിതിയെ വയ്ക്കാമെന്നുമുള്ള വാഗ്ദാനങ്ങൾ സർക്കാർ നൽകിയിരുന്നെങ്കിലും സംഘടനകൾ അംഗീകരിച്ചില്ല. ഇപ്പോഴും നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണ്.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിംഘുവിൽ കർഷകർ സമാധാന സന്ദേശയാത്ര നടത്തി. കിസാൻ പരേഡിനായി കഴിഞ്ഞ ദിവസങ്ങളിലെത്തിയ കർഷകർ വീടുകളിലേക്കു മടങ്ങി. എന്നാൽ, നേരത്തേ തന്നെ സമരകേന്ദ്രത്തിലുള്ളവർ അവിടെ തുടരുകയാണ്. സിംഘുവിനോടു ചേർന്നുള്ള ഭക്ത്വർപുർ, ഹമീദ്പുർ എന്നിവിടങ്ങളിലെ നൂറോളം നിവാസികൾ കർഷകർക്കെതിരെ രംഗത്തുവന്നു. ചെങ്കോട്ടയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ മടങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് സംഘർഷ സാധ്യതയുണ്ടാക്കുന്നുണ്ട്. കർഷകരുമായി തുടർചർച്ചയ്ക്കു കേന്ദ്രം തയാറാണെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും അത് എന്നു നടക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.

പ്രക്ഷോഭകേന്ദ്രങ്ങളിൽനിന്നു കർഷകരെ ബലംപ്രയോഗിച്ചു ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസും കേന്ദ്രസേനയും പിന്മാറിയിട്ടുണ്ട്. ഡൽഹി യുപി അതിർത്തിയിലുള്ള ഗസ്സിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. പൊലീസും ദ്രുതകർമ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കർഷക നേതാവ് രാകേഷ് ടികായത് പ്രഖ്യാപിച്ചു. നിലപാട് കടുപ്പിച്ചതോടെയാണ് ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പൊലീസും ദ്രുതകർമ സേനയും രാത്രി ഒരു മണിക്ക് മടങ്ങിയത്. അതിർത്തി ഒഴിപ്പിക്കണമെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും സമരവേദി ഒഴിയാൻ കർഷകർക്ക് കൂടുതൽ സാവകാശം നൽകിയേക്കും.

ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിൽനിന്നും ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. സംഘർഷങ്ങളുടെ പേരിൽ കർഷക നേതാക്കൾക്കെതിരെ ചുമത്തിയ 33 എഫ്‌ഐആറുകളിൽ ചിലതിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) വരെയുണ്ട്. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി നൽകിയിട്ടുണ്ടെന്നു ഗസ്സിപ്പുരിൽ വൻ പൊലീസ് സേനയെ സാക്ഷിയാക്കി ടികായത് പറഞ്ഞു. എത്രയും വേഗം ഒഴിയണമെന്നു പൊലീസ് നിർദേശിച്ചപ്പോൾ ഗുണ്ടായിസം വേണ്ടെന്നായിരുന്നു കർഷകരുടെ മറുപടി.

ഗസ്സിപ്പുരിൽ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിറക്കിയത്. ടികായതിന്റെ സുരക്ഷയ്ക്കായി കർഷകർ വലയം തീർത്തു. ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പൊലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂർണമായി വളഞ്ഞു. രാത്രി വൈകി അയൽഗ്രാമങ്ങളിൽ കൂടുതൽ കർഷകർ എത്തി. എന്തു സംഭവിച്ചാലും മുട്ടുമടക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘും അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു.