- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയാഴ്ചത്തെ റോഡ് ഉപരോധത്തെ നേരിടാൻ അമിത് ഷാ നേരിട്ട് രംഗത്ത്; ചെങ്കോട്ടയിലെ വില്ലനെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമില്ല; കർഷകർ സമര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു; ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സർക്കാർ കരുതേണ്ടെന്നു പ്രക്ഷോഭകർ; കർഷക സമരം കൂടുതൽ ശക്തമാകുമ്പോൾ
ന്യൂഡൽഹി: അന്താരാഷ്ട്ര പ്രതിഷേധങ്ങൾ തുടരുന്നതിനിടെയും കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു കർഷകരും മുട്ടുമടക്കില്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാരും നിലപാട് കടുപ്പിക്കുന്നു. ഇതോടെ പ്രതിഷേധം ഉടനൊന്നും തീരില്ലെന്നും വ്യക്തമായി. അതിനിടെ സമൂഹമാധ്യമങ്ങളിലും കർഷക വിഷയം തിളച്ചുമറിയുകയാണ്. ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സർക്കാർ കരുതേണ്ടെന്നു ഹരിയാനയിലെ ജിന്ദിൽ ആയിരക്കണക്കിനു കർഷകരെ സാക്ഷിയാക്കി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിട്ടും സിദ്ദുവിനെ കുറിച്ചു തുമ്പൊന്നും കിട്ടിയിട്ടില്ല. കിസാൻ മോർച്ച ശനിയാഴ്ച ദേശീയ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ വിശദീകരിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം സമാധാനപരമാണെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
കർഷകർക്കു പിന്തുണയുമായി യുഎസ് പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ രംഗത്തുവന്നത് വിഷയം രാജ്യാന്തര തലത്തിൽ ചർച്ചയാക്കി. മറുപടിയുമായി വിദേശകാര്യ മന്ത്രാലയവും ബോളിവുഡ് താരങ്ങളും രംഗത്തിറങ്ങി. ഇതോടെ ഗ്ലാമറും സമരത്തിലേക്ക് കടന്നു വരികയാണ്. അതിർത്തിയിലെ പ്രക്ഷോഭകേന്ദ്രങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടഞ്ഞ പൊലീസിനെ വെല്ലുവിളിച്ച് നൂറുകണക്കിനാളുകൾ മധ്യഡൽഹിയിലെ മണ്ഡി ഹൗസിൽ ഇന്നലെ പ്രകടനം നടത്തി.
ജന്തർ മന്തറിലേക്കു നീങ്ങാൻ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞതു സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകളും മുള്ളുവേലികളും കോൺക്രീറ്റ് കട്ടകളും നിരത്തി ഡൽഹിയുടെ അതിർത്തി മേഖലകളിൽ വൻ പൊലീസ് സന്നാഹം തുടരുകയാണ്. ഹരിയാനയിലെ ജിന്ദിൽ ചേർന്ന ജാട്ട്, കർഷക സംഘടനകളുടെ യോഗം (മഹാപഞ്ചായത്ത്) പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. യുപി, ഹരിയാന എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചേർന്ന അഞ്ചാമത്തെ മഹാപഞ്ചായത്ത് സമ്മേളനമായിരുന്നു ജിന്ദിലേത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഹാപഞ്ചായത്തുകൾ ചേർന്നു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകൾ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതിൽ വിശദീകരണം തേടി കേന്ദ്ര സർക്കാർ ട്വിറ്ററിനു നോട്ടിസ് അയച്ചു. സർക്കാർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകി. ഇതിനിടെയിലും സമരം നടക്കുന്ന അതിർത്തികളിലേക്ക് കർഷകപ്രവാഹം തുടരുകയാണ്. ഹരിയാണ ജിന്ദിൽ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പൊലീസ് ഒഴിപ്പിച്ച ഡൽഹി-ആഗ്ര എക്സ്‌പ്രസ് പാതയിലെ പൽവലിൽ കർഷകർ വീണ്ടും ധർണ തുടങ്ങി.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൂടുതൽ കർഷകർ വരുംദിവസങ്ങളിൽ ഇവിടെയെത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതലാളുകൾ ബുധനാഴ്ച ഷാജഹാൻപുരിലെ സമരകേന്ദ്രത്തിലെത്തി. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നടപ്പാക്കുക, കാർഷികകടങ്ങൾ എഴുതിത്ത്ത്തള്ളുക, കർഷകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക എന്നീ അഞ്ച് ആവശ്യങ്ങളുമായി ജിന്ദിലെ മഹാപഞ്ചായത്ത് പ്രമേയം പാസാക്കി. കർഷകരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യത്തെ 413 അക്കാദമികവിദഗ്ദ്ധർ കേന്ദ്രത്തിനു കത്തയച്ചു. ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, കാൺപുർ ഐ.ഐ.ടി., മദ്രാസ് ഐ.ഐ.ടി., ബോംബെ ഐ.ഐ.ടി., ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, കൊൽക്കത്ത ഐ.ഐ.എം. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖർ ഒപ്പിട്ട കത്തിൽ ഇന്ത്യയിലെ കർഷകസമൂഹത്തിന് ഭീഷണിയാണ് പുതിയ നിയമങ്ങളെന്ന് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ