- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര കാർഷിക നിയമത്തിനെതിരെ പുതിയ പോർമുഖം തുറക്കാനുള്ള പിണറായിയുടെ നീക്കത്തിന് തിരിച്ചടി; നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സംസ്ഥാനത്ത് അടിയന്തിര സാഹചര്യം ഇല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: നാളെ ചേരാൻ നിശ്ചയിച്ചിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. നിയമസഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്ന് കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്. എന്നാൽ, ഗവർണർ സംസ്ഥാന സർക്കാരിന്റെ ശുപാർശ തള്ളിയതോടെ സമ്മേളനം വിളിച്ച് ചേർക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. കൃഷി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും സംസ്ഥാന സർക്കാർ നീക്കമുണ്ട്.
പ്രത്യേക സമ്മേളനം ചേരുന്നതിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. സഭ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അടിയന്തിര സാഹചര്യം ഉണ്ടെന്ന് സർക്കാർ ഇതിന് മറുപടി നൽകി. എന്നാൽ, സംസ്ഥാനത്ത് നിയമസഭാ സമ്മേളനം നടത്തേണ്ട അടിയന്തിര സാഹചര്യം നിലവിലില്ലെന്ന് ഗവർണർ നിലപാടെടുത്തതോടെ സർക്കാരിന്റെ നീക്കം പാളുകയായിരുന്നു.
ഗവർണ്ണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. ഗവർണർ അനുമതി ലഭിച്ചാൽ ബുധനാഴ്ച ഒരു മണിക്കൂർ സഭ സമ്മേളിക്കാനായിരുന്നു പദ്ധതി. കക്ഷി നേതാക്കൾ മാത്രം സംസാരിക്കുകയും നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമായിരുന്നു ആലോചന. രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കർഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാർഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്.
കാർഷിക നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്നത്. പ്രത്യേകിച്ച് രാജ്യ തലസ്ഥാനത്ത് കർഷകർ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളെല്ലാം നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക സമ്മേളനം ചേർന്ന് കേരള നിയമസഭ ഭേദഗതി തള്ളാൻ സർക്കാർ നീക്കം നടത്തിയത്.
മറുനാടന് ഡെസ്ക്