- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തീർത്ത കാരിരുമ്പ് കോട്ടകളെ തച്ചുതകർത്ത് കർഷകർ; ട്രാക്ടറുകളിൽ ഉഴുത് മറിച്ച് മുന്നോട്ടുള്ള പ്രയാണം ജലപീരങ്കിയും ഇരുമ്പ് ബാരിക്കേഡും വകഞ്ഞ് മാറ്റി; കർഷകർ ഇളകിയെത്തിയതോടെ ഡൽഹി പൊലീസ് മുട്ട് മടക്കി; ജന്തർ മന്ദിറിൽ അനുമതിയില്ല; കർഷകറാലി ഡൽഹിയിൽ
ന്യൂഡൽഹി:ഉഴുത് മറിച്ച് കർഷകർ അരികിലെത്തിയപ്പോൾ അതിർത്തിയിൽ പഴുതടച്ച കാവലുമായി നിന്ന പൊലീസ് മുട്ട് മടക്കി. കൂറ്റൻ ബാരിക്കേഡുകളേയും ഇരുമ്പ് തൂണുകളേയും നിഷ്ഭ്രമമാക്കിയാണ് ട്രാക്ക്റ്ററുകൾ മുന്നോട്ട് നീങ്ങിയത്. കർഷക നിയമങ്ങൾക്കെതിരെ 'ഡൽഹി ചലോ' മുദ്രാവാക്യമുയർത്തിയുള്ള കർഷക മുന്നേറ്റം തടയാനാകാതെ ഡൽഹി പൊലീസ് മുട്ടുമടക്കിയ കാഴ്ചയാണ് ഒടുവിലായി കണ്ടത്.
ജലപീരങ്കിയും ഗ്രനേഡും ഉൾപ്പെടെ പ്രയോഗിച്ചെങ്കിലും ഫലമുണ്ടാകാതെ ഒടുവിൽ കർഷകർക്കു ഡൽഹിയിലേക്കു കടക്കാൻ അനുമതി നൽകി.
ജന്തർ മന്തറിലെത്തി പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ, ഹരിയാന അതിർത്തിയോടു ചേർന്നുള്ള നിരങ്കാരി മൈതാനത്തു പ്രതിഷേധിക്കാനാണ് അനുവാദം.
ഇതേതുടർന്ന് അതിർത്തി പ്രദേശങ്ങളിലെ മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവ് വന്നു. തിക്രി അതിർത്തി മേഖലയിൽ ഒത്തുകൂടിയ കർഷകർ ബുറാഡിയിലേക്ക് നീങ്ങി. എന്നാൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അതിർത്തിയിൽ തന്നെ സമരം തുടരാനാണ് സിംഘു അതിർത്തിയിലെത്തിയ കർഷകരുടെ തീരുമാനം. ഡിസംബർ മൂന്നിനു ചർച്ച നടത്താമെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷക സംഘടനകളെ അറിയിച്ചു.പൊലീസിനു നേരെ കല്ലും വടിയും വലിച്ചെറിഞ്ഞ പ്രതിഷേധക്കാർ, ബാരിക്കേഡുകൾ ബലമായി നീക്കുകയും ചെയ്തു.
ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ നീക്കംചെയ്തും വഴിതടയാൻ പാതകൾക്കു കുറുകെ നിർത്തിയിട്ടിരിക്കുന്ന മണ്ണു നിറച്ച ട്രക്കുകളെ ട്രാക്ടറുകൾ കൊണ്ട് കെട്ടിവലിച്ച് നീക്കംചെയ്തും വഴിയിൽ നിരത്തിയിരിക്കുന്ന വലിയ കണ്ടെയ്നറുകളെ കൂട്ടംചേർന്ന് ഉരുട്ടി മാറ്റിയും കോൺക്രീറ്റ് ബാരിക്കേഡുകളെ ചങ്ങലയുപയോഗിച്ച് വലിച്ചു നീക്കിയും അവർ ഡൽഹിയിലേയ്ക്കുള്ള പ്രക്ഷോഭത്തിന് പാത തെളിക്കുന്നു.
ട്രാക്ടറുകളിൽ മാർച്ച് ചെയ്യുന്ന കർഷകരെ വഴിയിൽ തടയുന്നതിന് ഹരിയാണ, ഡൽഹി പൊലീസ് സേനകൾ വിവിധ മാർഗങ്ങളാണ് അവലംബിച്ചുകൊണ്ടിരിക്കുന്നത്. കണ്ണീർ വാതകവും ജലപീരങ്കിയും കൊണ്ട് കർഷകരെ നേരിടാനാവില്ലെന്ന അറിയുന്ന പൊലീസ് വഴിനീളെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മണ്ണനിറച്ച നിരവധി ട്രക്കുകൾ റോഡിനു കുറുകെ നിർത്തിയിട്ട് റോഡ് പൂർണമായും അടച്ചിരിക്കുകയാണ്.
പലയിടത്തും റോഡ് അടക്കാൻ സിമന്റ് ബാരിക്കേഡുകളും മുൾകമ്പികളും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, അതിർത്തികളിൽ സൈനിക ഓപ്പറേഷനുകളിലെ സംവിധാനമായ ട്രഞ്ചുകളും പൊലീസ് തീർത്തിട്ടുണ്ട്. കർഷകർ വാഹനങ്ങളിലൂടേയോ കാൽനടയായോ പോവുന്നത് തടയാനായി വലിയ കുഴികൾ തീർക്കുന്നതാണ് ട്രഞ്ചുകൾ. സമരക്കാരെ തടയാൻ ഡൽഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്.
തടസ്സങ്ങളെയെല്ലാം തങ്ങളുടേതായ വിധത്തിൽ സാഹസികമായി മറികടക്കുന്ന പ്രക്ഷോഭകരെയാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുന്നത്. പ്രക്ഷോഭകർക്കു നേരെ പ്രയോഗിക്കുന്ന ജലപീരങ്കികൾക്കു മുകളിൽ വലിഞ്ഞുകയറി ജലപ്രവാഹം നിർത്തുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തങ്ങളുടെ ട്രാക്ടറുകൾ ഉപയോഗിച്ച് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെയും കോൺക്രീറ്റിന്റെയും ബാരിക്കേഡുകൾ നീക്കംചെയ്യുന്നവരേയും ദൃശ്യങ്ങളിൽ കാണാം. ഡൽഹിയിലേയ്ക്കു പ്രവേശിക്കുന്നതിന് തിക്രി അതിർത്തിയിൽ വലിയ ട്രക്ക് ട്രാക്ടറുമായി ബന്ധിച്ച് വലിച്ച് നീക്കുന്നതും മറ്റുചില ദൃശ്യങ്ങളിലുണ്ട്.
റോഡിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ ചങ്ങലകളിൽ ബന്ധിച്ച് കൂട്ടംചേർന്ന് വലിച്ചുനീക്കി തടസ്സം നീക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റുചിലയിടങ്ങളിൽ വലിയ കണ്ടെയ്നറുകളാണ് റോഡിൽ നിരത്തിയിരിക്കുന്നത്. നിരവധി പേർ ചേർന്ന് ഇവ നിരക്കി നീക്കുന്നതും മറ്റുചില ദൃശ്യങ്ങളിൽ കാണാം.
ന്യൂസ് ഡെസ്ക്