- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക സംഘടനകൾ യോഗം ചേരുന്നു; സമരത്തിന്റെ ഭാവിയിൽ തീരുമാനമെടുക്കും; താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ സമരത്തിന്റെ ഭാവിയിൽ തീരുമാനമെടുക്കാൻ കർഷക സംഘടനകൾ യോഗം ചേരുന്നു. ഒൻപത് അംഗ കോർഡിനേഷൻ കമ്മിറ്റി യോഗം സിഘുവിലാണ് ചേരുന്നത്. പാർലമെന്റിൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കർഷക സംഘടനകളുടെയും നിലപാട്. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കർഷകരുടെ ആവശ്യമായിരുന്നു. ജനുവരിയിൽ കേന്ദ്രം എല്ലാ ചർച്ചകളിലും ഈ ആവശ്യം കർഷക നേതാക്കൾ ഉയർത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. അക്കാര്യത്തിലുള്ള ഉറപ്പുകൂടി വന്ന ശേഷമേ പിന്മാറുവെന്ന് കർഷകർ പറയുമ്പോൾ കുറച്ച് ദിവസം കൂടി സമരം നീണ്ടുപോയേക്കാം. നവംബർ 22 ന് ലക്നൗവിൽ മഹാപഞ്ചായത്തും നവംബർ 26 ലെ ഒന്നാം വാർഷികത്തിൽ വലിയ സമരക്കൂട്ടായ്മയും ട്രാക്ടർ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങൾ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്.
ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ നന്മയ്ക്കായിട്ടായിരുന്നു നിയമങ്ങൾ കൊണ്ടു വന്നത്. ആത്മാർത്ഥതയടെ ചെയ്ത് കാര്യങ്ങൾ ചില കർഷകർ തെറ്റിദ്ധരിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സമരം ചെയ്യുന്ന കർഷകർ മടങ്ങിപോകണമെന്നും അഭ്യർത്ഥിച്ചു.
നിയമം പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുതന്നെയാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിൻവലിക്കുന്നതിൽ ആർഎസ്എസിലും ബിജെപിയിലും രണ്ടഭിപ്രായമുയർന്നതും പിന്നോട്ടില്ലെന്ന നിലപാടെടുത്ത സർക്കാരിനെ രണ്ടാമതൊന്നാലോചിപ്പിച്ചു.
ഈ മാസം അവസാനം ചേരുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് സർക്കാരിന്റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസർക്കാർ പ്രതിനിധികളും, കാർഷിക മേഖലയിൽ നിന്നുള്ള വിദഗ്ധരരും കർഷകരുടെ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാർലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതിൽ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസർക്കാർ നൽകണമെന്ന് സമരത്തിലുള്ള സംഘടനകൾ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ