ന്യൂഡൽഹി: ഡൽഹിയിയിലെ കർഷക സമരത്തിന് നാൾക്കുനാൾ ചെല്ലുംതോറും പിന്തുണ വർദ്ധിക്കുന്നു. ഡൽഹി അതിർത്തികൾ കർഷക സമരം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാടിലാണ് കർഷകർ, അതേസമയം, കർഷകരുമായി വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അതേസമയം കൂടുതൽ കർഷകരും സമരത്തിൽ അണിചേരാനുള്ള യാത്രയിലാണ്.

കർഷക സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഒരുതരത്തിലുള്ള സമവായത്തിനും ഇതുവരെ വഴി തെളിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിങ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.

മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രിംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കർഷക സംഘടനകളുടെ ചർച്ച തുടരുകയാണ്. ഡൽഹി- ആഗ്ര , ഡൽഹി -രാജസ്ഥാൻ ദേശീയപാത ഉപരോധവും, തിക്രി, ഗസ്സിപൂർ, ചില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ആയിരത്തോളം കർഷകർ കഴിഞ്ഞ ദിവസം പദയാത്ര ആരംഭിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ളവരും ഡൽഹിയിലേക്കു പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചു. ഇതിനിടെ, കർഷക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. കാർഷിക മേഖലയിൽ കേന്ദ്രം നടപ്പാക്കിയ പരിഷ്‌കാരങ്ങൾ കർഷകർക്കു ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു.

വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കേന്ദ്രത്തിനെതിരെ പൊരുതാൻ കൂടുതൽ കർഷകരെ രംഗത്തിറക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ കർഷക കൂട്ടായ്മകളെ പ്രക്ഷോഭകർ ബന്ധപ്പെട്ടത്. പഞ്ചാബ്, ഹരിയാന, യുപി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കർഷകരെത്തുന്നതോടെ ഡൽഹിയിലേക്കുള്ള കൂടുതൽ പാതകൾ വരും ദിവസങ്ങളിൽ തടയുമെന്നു കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.

2 ലക്ഷത്തോളം കർഷകരെയും നയിച്ച് ഈ മാസം 26നു രാജസ്ഥാനിൽ നിന്നു ഡൽഹിയിലേക്കു പ്രകടനം നടത്തുമെന്ന് ഭരണമുന്നണിയിൽ അംഗമായ ആർഎൽപിയുടെ നേതാവ് ഹനുമാൻ ബേനിവാൾ എംപി പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 3 പാർലമെന്ററി സമിതികളിൽ നിന്ന് അദ്ദേഹം രാജിവച്ചു.

പിടിവാശി ഉപേക്ഷിച്ച് നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറാവണമെന്നു ബിഎസ്‌പി നേതാവ് മായാവതി പറഞ്ഞു. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കു പ്രണാമം അർപ്പിച്ച് ഹരിയാന അതിർത്തിയിലെ സിംഘുവിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ പ്രാർത്ഥനായോഗം നടത്തി. ഡൽഹിയിലെ കർഷകസമരത്തിൽ പങ്കുചേരാൻ മഹാരാഷ്ട്രയിൽനിന്ന് അയ്യായിരത്തോളം കർഷകരാണ് നാളെ പുറപ്പെടുക. ഓൾ ഇന്ത്യ കിസാൻ സഭയുടെ (എഐകെഎസ്) നേതൃത്വത്തിൽ നാളെ നാസിക് ഗോൾഫ് ക്ലബിൽ ഒത്തുചേരുന്ന കർഷകർ വാഹനജാഥയായി 1,200 കിലോമീറ്റർ സഞ്ചരിച്ച് 24ന് ഡൽഹിയിൽ എത്തും.