ന്യൂഡൽഹി: കടുത്ത ശൈത്യത്തെയും അവഗണിച്ചു കർഷകർ സമരത്തിൽ തുടരുന്നു. ഡൽഹി അതിശൈത്യത്തിലേക്ക് കടക്കുമ്പോഴുമാണ് സമരാവേഷം വിടാതെ കർഷകർ നിലയുറപ്പിക്കുന്നത്. വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരത്തിനു പിന്തുണയറിയിച്ച് ഇന്നും നാളെയുമായി കൂടുതൽ പേർ അതിർത്തിയിലേക്ക് എത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. 25 നും 26 നും ഹരിയാനയിലെ ടോൾ പ്ലാസയിൽ പണം ഈടാക്കുന്നതു തടയുമെന്നും കർഷക നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരം 25 ദിവസങ്ങൾ പിന്നിട്ടു. ഇതിനിടെ, ഇന്നു മുതൽ കർഷകരുടെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങുമെന്നു സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. കർഷക പ്രക്ഷോഭത്തിൽ പങ്കാളിയായിരിക്കെ ഇതുവരെ 25 പേർ മരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു, ഇവർക്ക് ആദരമർപ്പിച്ച് ഇന്നലെ ഡൽഹി യുപി അതിർത്തിയിലെ ഗസ്സിപുരിൽ കർഷകരുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനമാചരിച്ചു.

കർഷകരെ ഇളക്കിവിടുന്നതു പ്രതിപക്ഷ പാർട്ടികളാണെന്ന ആരോപണം ബിജെപി ശക്തമാക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുന്മന്ത്രിയുമായ ബീരേന്ദർ സിങ് കർഷകർക്കൊപ്പം എത്തിയതു സർക്കാരിനു ക്ഷീണമായി. ഇതിപ്പോൾ എല്ലാവരുടെയും പ്രക്ഷോഭമായെന്നാണു സമരത്തെക്കുറിച്ചു ബീരേന്ദർ പ്രതികരിച്ചത്. 2 ലക്ഷം കർഷകരെ പങ്കെടുപ്പിച്ച് ഡൽഹിയിലേക്കു മാർച്ച് നടത്തുമെന്ന് എൻഡിഎ ഘടകകക്ഷിയായ ആർഎൽപി നേതാവ് ഹനുമാൻ ബേനിവാൾ എംപിയും പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി മോദി അടക്കം കടുംപിടുത്തം തുടരുമ്പോൾ സമരം എങ്ങനെ തീർക്കുമെന്ന ആശങ്കയും ശക്തമാകുകയാണ്. കർഷകസമരത്തിന്റെ പേരിൽ ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ഭാവി ആശങ്കയിലായിരിക്കെ മുഖ്യമന്ത്രി മനോഹർ ലാൽ ഖാട്ടർ വീണ്ടും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. അടുത്തഘട്ട ചർച്ച ഉടൻ നടക്കുമെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും ഖാട്ടർ പറഞ്ഞു. സർക്കാർ കർഷകരുമായി ചർച്ചയ്ക്കു തയാറാണ്. യെസ് അല്ലെങ്കിൽ നോ ഉത്തരം മാത്രം പ്രതീക്ഷിക്കാതെ വിശദമായ ചർച്ചയ്ക്കായി കർഷകർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരുടെ വാഹനജാഥ ഇന്നു മഹാരാഷ്ട്രയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെടും. നാസിക്കിലെ ഗോൾഫ് മൈതാനത്ത് ഒത്തുകൂടിയ ശേഷമായിരിക്കും ജാഥ തുടങ്ങുക. കിസാൻ സഭ ജോയിന്റ് സെക്രട്ടറി കെ.കെ. രാഗേഷ് ജാഥയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കും.

അതിനിടെ നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി നടക്കുമ്പോൾ കൈകൊട്ടി പ്രതിഷേധിക്കാൻ കർഷക നേതാക്കളുടെ ആഹ്വാനം. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന സമരത്തിന്റെ തുടർച്ചയായാണിത്. 27നാണ് അടുത്ത മൻ കി ബാത്ത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന മുഴുവൻ നേരവും കൈകൊട്ടി പ്രതിഷേധിക്കണമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇതിനിടെ ഫേസ്‌ബുക്കും വിവാദത്തിലായിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകരുടെ കൂട്ടായ്മയായ കിസാൻ ഏകത മോർച്ചയുടെ സമൂഹമാധ്യമ പേജുകൾ ഫേസ്‌ബുക് നീക്കം ചെയ്തു. സമരസമിതിയുടെ ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം പേജുകളാണ് ഇന്നലെ നീക്കം ചെയ്തത്. ഇന്നലെ നടന്ന തൽസമയം സംപ്രേഷണത്തെത്തുടർന്നാണു പേജുകൾ നീക്കം ചെയ്തതെന്നു കർഷകർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അധികാരദുർവിനിയോഗമാണു ഫേസ്‌ബുക് പേജിനെതിരായ നടപടി എന്നു കിസാൻ ഏകത മോർച്ച ട്വിറ്ററിൽ കുറിച്ചു.

സമരക്കാർക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾ ചെറുക്കാനായി വ്യാഴാഴ്ചയാണു കർഷകർ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നത്. 36 പേരടങ്ങിയ ഐടി സെൽ ആണ് കർഷകസമരത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചിരുന്നത്. ഫേസ്‌ബുക്കിനും ഇൻസ്റ്റഗ്രാമിനും പുറമേ ട്വിറ്റർ, യു ട്യൂബ്, സ്‌നാപ്ചാറ്റ് എന്നിവയിലും സമരസമിതി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫേസ്‌ബുക് ഇന്ത്യയുടെ നയങ്ങൾ ബിജെപി അനുകൂലമാണെന്ന ആരോപണം നിലനിൽക്കെ പുതിയ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനു വഴിതുറന്നു. ട്വിറ്ററിൽ #KisanEktaMorcha ഹാഷ്ടാഗിൽ ചർച്ചകളും വിമർശനങ്ങളും സജീവമായി.