ന്യൂഡൽഹി: പുതുവൽസരത്തിലേക്ക് കടക്കാതെ കർഷക സമരം അവസാനിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ.കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. ഡിസംബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ വിജ്ഞാൻഭവനിലാണ് ചർച്ച നടക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം ആരംഭിച്ചതിനെ തുടർന്നുള്ള ആറാംവട്ട ചർച്ചയാണ് ബുധനാഴ്ച നടക്കുക. 29ന് ചർച്ച നടത്താമെന്ന് കർഷകർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരുമായി ചർച്ച പുനരാരംഭിക്കാൻ കർഷക യൂണിയനുകൾ സമ്മതിച്ചതിനെത്തുടർന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തുറന്ന മനസ്സോടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പ്രതികരിച്ചു.

കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരം 33-ാം ദിവസം പിന്നിടുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെയും മറ്റന്നാളും നാല് സംസ്ഥാനങ്ങളിൽ മെഗാ റാലികൾ സംഘടിപ്പിക്കും. മറ്റന്നാൾ സിഘു, ടിക്രി അതിർത്തിയിൽ നിന്ന് ട്രാക്ടർ റാലികൾ നടത്താനും ഹരിയാനയിലേയും പഞ്ചാബിലേയും മുഴുവൻ ടോൾ പ്ലാസകളും തുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് രാജ്യവ്യാപകമായി കർഷകരെ പിന്തുണച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലാനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.

കർഷക പ്രക്ഷോഭത്തിൽ അടി കിട്ടിയത് റിയലൻസ് ജിയോയ്ക്കാണെന്നാണ് വിലയിരുത്തലുകൾ വരുന്നത്. ജിയോ സിമ്മുകൾ കത്തിച്ചുകൊണ്ട് നടത്തുന്ന സമരം ഇപ്പോൾ മൊബൈൽ ടവറുകൾ തകർക്കുന്നതിലേക്കും നീങ്ങുകയാണ്. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ജിയോ സിം ഉപേക്ഷിക്കുന്നത്. 24 മണിക്കൂറിനിടെ 176 സിഗ്നൽ ട്രാൻസ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവർ സൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടെലികോം സേവനങ്ങൾ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കർഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസ് സഹായമില്ലാതെ സേവനം നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കർഷക പ്രതിഷേധം കൂടുതൽ ശക്തിപ്പെടുകയാണ്. കർഷകർക്ക് നേരെ ഇപ്പോഴും കേന്ദ്രസർക്കാർ മുഖം തിരിച്ചുതന്നെയാണ് നിൽക്കുന്നത്.ഡിസംബർ 29 ന് കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തുന്നുണ്ട്. കേന്ദ്രസർക്കാരുമായി ചർച്ചയാകാമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ശനിയാഴ്ച അറിയിച്ചിരുന്നു. ചർച്ചയാകാമെന്നും എന്നാൽ മുൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിലാണ് കർഷകർ.

ഡിസംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാരുമായി കർഷകർ അവസാനമായി ചർച്ച നടത്തിയിരുന്നത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയിൽ ചില ഉറപ്പുകൾ നൽകാമെന്നുമായിരുന്നു കേന്ദ്രം ആവർത്തിച്ചിരുന്നത്. തുടർന്ന് ചർച്ചകൾ അവസാനിക്കുകയായിരുന്നു.നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കർഷകർ വീണ്ടും ചർച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.