ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരം 36 ദിവസം പിന്നിടവേ, സമരത്തിന്റെ സ്വാഭാവം മാറുമെന്ന് വ്യക്തമാക്കി കർഷക സംഘടനാ നേതാക്കൾ. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവിലയിൽ നിയമപരമായ സാധുത നൽകുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സർക്കാർ നേരിടേണ്ടിവരുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

ജനുവരി നാലിന് ആറാം ഘട്ട ചർച്ചയാണ് നടക്കുന്നത്. ഇതിന് മുൻപ് നടന്ന യോഗങ്ങളിലെല്ലാം തങ്ങൾ ഉന്നയിച്ച അഞ്ച് ശതമാനം പ്രശ്നങ്ങളിൽ മാത്രമെ ചർച്ച നടന്നിട്ടുള്ളൂവെന്നും കർഷകർ പറഞ്ഞു.'ജനുവരി നാലിന് നടക്കുന്ന ചർച്ചയിലും തീരുമാനമായില്ലെങ്കിൽ ഹരിയാനയിലെ പെട്രോൾ പമ്പുകളും മാളുകളും അടക്കുന്ന തിയതി ഞങ്ങൾ പ്രഖ്യാപിക്കും', കർഷക നേതാവ് വികാസ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഹരിയാന-രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ പ്രതിഷേധിക്കുന്ന കർഷകർ ഡൽഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.അടുത്ത യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ജനുവരി ആറിന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്.

അതേസമയം, കാർഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കർഷകരുമായി കേന്ദ്ര സർക്കാർ ഡിസംബർ 30ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കാർഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കില്ലെന്ന് കർഷകരും അറിയിച്ചിരുന്നു.