ന്യൂഡൽഹി: കർഷക സമരം സംബന്ധിച്ച് നാളെ പാർലമെന്റിൽ ചർച്ചകൾ ആരംഭിക്കുന്നതോടെ തങ്ങളുടെ പ്രതിഷേധം പകുതി വിജയം കണ്ടെന്ന ആത്മവിശ്വാസത്തിൽ കർഷകർ. രാഷ്ട്രീയ പിന്തുണയില്ലാതെ ആരംഭിച്ച സമരത്തിൽ കോൺ​ഗ്രസും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി എത്തിയെങ്കിലും ഇതുവരെയും സമരത്തിന്റെ നേതൃത്വം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാത്തതിന്റെ വിജയം കൂ‌ടിയാണ് കർഷക സമരത്തിന്റേതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സമരം രാഷ്ട്രീയ പ്രേരിതമെന്നും പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളെന്നും കേന്ദ്ര സർക്കാരും ബിജെപിയും ആവർത്തുമ്പോഴും പഞ്ചാബിനും അപ്പുറത്തേക്ക് കർഷകരെ സംഘടിപ്പിക്കുവാൻ നേതാക്കൾക്ക് കഴി‍ഞ്ഞിരുന്നു.

കർ‌ഷക സമരം സംബന്ധിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ചയ്ക്കു കേന്ദ്ര സർക്കാർ തയാറായത് സഭാ സ്തംഭനം ഒഴിവാക്കാനാണ്. നാളെ സ്പീക്കർ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച മുതലാണ് കർഷകസമരം സംബന്ധിച്ച ചർച്ചകൾ പാർലമെന്റിൽ തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യും. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് അവസാനിക്കുമെന്നിരിക്കെ, നന്ദി പ്രമേയം, ബജറ്റ് എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ട്.

സഭയിൽ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും കേരളത്തിലെ എംപിമാരാണു നേതൃത്വം നൽകിയത്. എന്നാൽ, ലോക്സഭ സ്തംഭിപ്പിക്കുന്നതിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരടക്കം രാജ്യസഭയിലെ ഏതാനും കോൺഗ്രസ് എംപിമാർക്ക് അതൃപ്തിയുണ്ട്. സഭ നടത്താനാവാത്ത വിധം ബഹളമുണ്ടാക്കുന്ന കേരള ലോബിയുടെ നിലപാട് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ വാദം. ജനങ്ങളുടെ വോട്ട് നേടി പാർലമെന്റിലെത്തിയവരെന്ന നിലയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും കേന്ദ്രത്തെ മുൾമുനയിൽ നിർത്തുന്ന പ്രതിഷേധമാണു വേണ്ടതെന്നുമാണു കേരളത്തിൽ നിന്നടക്കമുള്ള അംഗങ്ങൾ ഇതിനു നൽകുന്ന മറുപടി.

അതിനിടെ, പ്രക്ഷോഭം മൂലം പൊലീസ് ഗതാഗതം നിരോധിച്ച ഡൽഹി – മീററ്റ് ദേശീയപാതയിൽ മണ്ണിറക്കി കൃഷി ആരംഭിക്കാൻ കർഷകർ. ഇന്നലെ 2 ടിപ്പർ ലോറികളിൽ എത്തിച്ച മണ്ണിൽ തൊട്ടുവന്ദിച്ച രാകേഷ് ടികായതും സംഘവും അതു റോഡിൽ നിരത്തി. ഇന്നു മുതൽ കൃഷി ആരംഭിക്കുമെന്നു കർഷകർ അറിയിച്ചു. ഗസ്സിപ്പുരിൽ പൊലീസ് നിരത്തിയ ആണിപ്പലകകൾക്കു മുന്നിൽ കർഷകർ പൂക്കൾ വച്ചു.

സംയമനം പാലിക്കണമെന്ന് യുഎൻ സമിതി

കർഷകസമരത്തിൽ സർക്കാരും സമരക്കാരും പരമാവധി സംയമനം പാലിക്കണമെന്നു യുഎൻ മനുഷ്യാവകാശ സമിതി ആഹ്വാനം ചെയ്തു. സമാധാനപരമായി സംഘടിക്കാനും ആശയപ്രകാശനം നടത്താനുമുള്ള അവകാശം ഓൺലൈനിൽ ഉൾപ്പെടെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു യുഎൻ ഹൈക്കമ്മിഷണർ ഫോർ ഹ്യുമൻ റൈറ്റ്സ് (ഒഎച്ച്സിഎച്ച്ആർ) ട്വീറ്റ് ചെയ്തു.