- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരുടെ ചണ്ഡീഗഡ് രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; പൊലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ
ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. ചണ്ഡീഗഡിൽ രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല - ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തിയാണ് കർഷകർ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകിയത്. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരുന്നത്.
കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കർഷകർ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകൾ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവർണർമാർക്കും നിവേദനവും സമർപ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചിരുന്നതാണ്. ഡൽഹി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കുന്നുണ്ട്.
അതേസമയം, കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാക്കിസ്ഥാനിൽ നിന്നുള്ള ഐ എസ് ഗ്രൂപ്പിന്റെ അട്ടിമറി സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മറുനാടന് ഡെസ്ക്