ന്യൂഡൽഹി: ഉത്തർ പ്രദേശിൽ കർഷകർ പ്രക്ഷോഭം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റി എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ദേശീയ വ്യാപകമാി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. ഒക്ടോബർ 18ന് ട്രെയിൻ തടയൽ സമരവും 26ന് മഹാപഞ്ചായത്തും നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും മകൻ ആശിഷ് മിശ്രയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ മാർച്ച് 12ന് ലഖിംപുരിൽ എത്തും. ജാലിയൻവാലാബാഗിന് സമാനമായ സംഭമാണ് അവിടെ നടന്നത്. ഒക്ടോബർ 18ന് എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ രാത്രി എട്ടുമണിക്ക് മെഴുകുതിരി തെളിച്ച് റാലി നടത്തണം.'-സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു.

ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവുമായി എല്ലാ സംസ്ഥാനങ്ങളിലും കർഷകർ പോകും. അതിന് ശേഷം നിമജ്ജനം ചെയ്യും. ഒക്ടോബർ 15ന് ദസറ ദിനത്തിൽ എല്ലായിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിക്കും.-യോഗേന്ദ്ര യാദവ് പറഞ്ഞു.