- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്തെ കർഷകർക്ക് അനുവദിച്ചത് ഒരു ലക്ഷം കോടി രൂപ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി'; രാജ്യതലസ്ഥാനത്ത് സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ നരേന്ദ്ര മോദി; സമരത്തിന് പിന്നിൽ ഖാലിസ്ഥാൻ, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ഐടി സെൽ മേധാവിയുടെ പ്രസ്താവനയും വിവാദത്തിൽ; കർഷക പ്രതിഷേധത്തിൽ കുരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പ്രക്ഷോഭവുമായി കർഷകർ മുന്നോട്ട് പോകുന്നുതാടെ തുടർച്ചയായ അഞ്ചാം ദിവസവും രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. ഇതേടെ ബിജെപി ദേശീയ നേതാക്കൾ കഴിഞ്ഞ ദിവസം തിരക്കിട്ട് ഉന്നതതല യോഗം ചേർന്നു.ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
അതിനിടെ കേന്ദ്രസർക്കാറിന്റെ കാർഷിക നയത്തിനെതിരെ രാജ്യത്തെ കർഷകർ പ്രതിഷേധം തുടരുമ്പോഴും കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകിയെന്നും കർഷകർക്ക് പുതിയ അവസരങ്ങൾ നൽകിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കർഷകർകർക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടു.
കർഷകരെ വഴിതെറ്റിക്കാൻ ചിലർ ശമിക്കുന്നെന്നും കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കർഷക നിയമം ഭേദഗതി ചെയ്തത് കർഷകരെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ശക്തിപ്പെടുത്തുമ്പോഴും സർക്കാരിന്റെ കാർഷികനയങ്ങൾക്കെതിരെ കർഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്.പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.പൊലീസ് പ്രതിഷേധക്കാർക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഭരണഘടന നൽകിയിരിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടൺ വെസ്റ്റ് എംപി കമാൽ ഖേര പ്രതികരിച്ചു.
നിരായുധരായ കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഇന്ത്യൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതൻ സിങ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കർഷകർക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിന്നിൽ ഖാലിസ്ഥാൻ ബിജെപി ഐ.ടി സെൽ മേധാവി
അതിനിടെ കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഖാലിസ്ഥാൻ, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രസ്താവനയും വിവാദമായി. കർഷക സമരം പശ്ചാത്തലമാക്കി അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ നവംബർ 23 ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിർത്ത് പ്രക്ഷോഭം തുടങ്ങിയപ്പോൾ ഡൽഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കർഷകർക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്, മാളവ്യ ട്വീറ്റ് ചെയ്തു.
ഈ പരാമർശമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പ്രതിഷേധത്തിന് പിന്നിൽ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്ന് മാളവ്യ ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിമർശനമുയരുന്നത്. തന്റെ ആരോപണം തെളിയിക്കാനുള്ള യാതൊരു തെളിവുകളും മാളവ്യ പുറത്തുവിട്ടിട്ടുമില്ല.അതേസമയം കർഷക സമരം അവസാനിപ്പിക്കാൻ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. കർഷകരോട് സിംഗുവിൽ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാൽ വിഷയത്തിൽ ചർച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കർഷകർ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കർഷകരുമായി ഫോണിൽ സംസാരിച്ചുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ഡിസംബർ മൂന്നിന് മുൻപ് ചർച്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ