- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നിപ്പുണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്ന് രാകേഷ് ടിക്കായത്തിന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്; സ്വന്തം നിലക്ക് സമരപരിപാടികൾ പ്രഖ്യാപിക്കരുതെന്നും നിർദ്ദേശം; രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ പ്രഖ്യാപിച്ച സമരരീതികൾ കൂട്ടായ ആലോചനയില്ലാതെന്നും വിമർശനം
ന്യൂഡൽഹി: സ്വന്തം നിലയിൽ സമരപ്രഖ്യാപനം നടത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് താക്കീത് നൽകി സംയുക്ത കിസാൻ മോർച്ച. സ്വന്തം നിലക്ക് സമരപരിപാടികൾ പ്രഖ്യാപിക്കരുതെന്നും ഭിന്നിപ്പുണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്നുമാണ് സംഘടന കർഷക നേതാവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തുമെന്ന് രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാകേഷ് ടിക്കയത്ത് പ്രഖ്യാപിച്ചതാണ് സംയുക്ത കിസാൻ മോർച്ചയെ ചൊടിപ്പിച്ചത്. ടിക്കായത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നു കിസാൻ മോർച്ച വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് സമരപരിപാടികൾ പ്രഖ്യാപിക്കുന്നത് ഒഴിവാക്കണം. കൂട്ടായ നേതൃത്വമാണ് 3 മാസം പൂർത്തിയായ സമരത്തിന്റെ ശക്തി. സമരക്കാർക്കിടയിൽ ഭിന്നിപ്പുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ ചട്ടുകമാകരുത്. കിസാൻ മോർച്ചയുടെ സമരപരിപാടികളോട് സഹകരിക്കണമെന്നും രാകേഷ് ടിക്കായത്തിനോട് സംഘടന ആവശ്യപ്പെട്ടു.
കാർഷികനിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സ്വകാര്യകമ്പനികളുടെ വലിയ ഗോഡൗണുകൾ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 40 ലക്ഷം ട്രാക്ടറുകളിലായി കർഷകർ റാലി നടത്തും. ഏത് സമയത്തും ഡൽഹി ചലോ മാർച്ചിന് സജ്ജരായിരിക്കണമെന്നും ഇതിനുള്ള ദിവസം സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കുമെന്നും രാജസ്ഥാനിലെ സിക്കറിൽ കിസാൻ മഹാപഞ്ചായത്തിൽ ടിക്കായത്ത് പറഞ്ഞിരുന്നു.
പ്രതിഷേധവുമായി എത്തുന്ന കർഷകർ ഇന്ത്യാഗേറ്റിന് സമീപമുള്ള പാർക്കുകൾ ഉഴുത് വിത്തു വിതയ്ക്കും. റിപ്പബ്ലിക് ദിന സംഘർഷങ്ങളുടെ മറവിൽ കർഷകരെ മോശക്കാരാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും എന്നാൽ, കർഷകർ ദേശീയപതാകയെ ബഹുമാനിക്കുന്നവരാണെന്നും ടിക്കായത്ത് പറഞ്ഞു. എന്നാൽ, ഇത് സംയുക്ത കിസാൻ മോർച്ച ആലോചിക്കുക പോലും ചെയ്യാത്ത സമര രീതികളാണെന്ന വിമർശനം സംഘടനകൾക്കുള്ളിൽ നിന്നുതന്നെ ഉയർന്നിരുന്നു. കർഷക പ്രക്ഷോഭത്തിൽ താരപരിവേഷമാണ് രാകേഷ് ടിക്കായത്തിനുള്ളത്.
മൂന്നാംഘട്ട സമര പരിപാടികളിൽ തീരുമാനമെടുക്കാൻ നാളെ കർഷകസംഘടനകൾ സിംഘുവിൽ യോഗം ചേരും. ചർച്ചയ്ക്ക് തയ്യാറെന്ന കേന്ദ്ര നിർദ്ദേശവും അജണ്ടയിൽ ഉണ്ട്. സമരാതിർത്തികളിൽ ഇന്ന് യുവ കിസാൻ ദിവസമായി ആചരിക്കുകയാണ്. യുവാക്കളുടെ നേതൃത്വത്തിലാണ് സമരം. കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷി മന്ത്രിയുടെ ഓഫീസിലേക്ക് കിസാൻ കോൺഗ്രസ് മർച്ച് നടത്തി.
മറുനാടന് മലയാളി ബ്യൂറോ