ന്യൂഡൽഹി : പ്രശ്‌നപരിഹാര ചർച്ചകൾ ഫലം കാണാതായതോടെ ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി ഒരുങ്ങുന്നത്. നിലവിൽ മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്.ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗസ്സിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും.

തുടർപ്രക്ഷോഭത്തിനു രൂപം നൽകാൻ നേതാക്കൾ ഇന്നു സിംഘുവിൽ യോഗം ചേരും. പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡൽഹിയിലും അതിർത്തി മേഖലകളിലും സമരം ചെയ്യുന്ന കർഷകരുടെ പൊലീസ് ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമം സംഘർഷത്തിനിടയാക്കി. ഗസ്സിപുർ-ഗസ്സിയാബാദ് അതിർത്തിയിൽ പ്രക്ഷോഭകർ ബാരിക്കേഡുകൾ തകർത്തു. മീററ്റ്-ഡൽഹി എക്സ്പ്രസ് വേയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡിൽനിന്നുള്ള ആയിരത്തിലധികം കർഷകരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്.

സമരം പത്താംനാളിലേക്കെത്തുന്നതോടെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു ദിവസേന പിന്തുണയേറുന്നുമുണ്ട്.പ്രമുഖനേതാക്കളും കായികതാരങ്ങൾക്കുമൊപ്പം അനുബന്ധമേഖലയിലെ സംഘടനകളും സമരത്തിനുള്ള പിന്തുണ ശക്തമാക്കിയിട്ടുണ്ട്. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിലും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പ്രതിഷേധാഗ്‌നിയിൽ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നു ഡൽഹിഹരിയാന അതിർത്തിയിലെ തിക്രിയിൽ നടന്ന സമ്മേളനത്തിൽ സിപിഎം എംപി: കെ.കെ. രാഗേഷ് പറഞ്ഞു.

കർഷകർക്കു പിന്തുണയറിയിച്ചു ബിനോയ് വിശ്വം എംപി, ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവർ ഹരിയാന അതിർത്തിയിലെ സിംഘുവിലെത്തി.കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകി. ജനാധിപത്യ ശിരോമണി അകാലിദൾ നേതാവും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്‌ദേവ് സിങ് ധിൻസ പത്മഭൂഷൺ തിരികെ നൽകുമെന്നു പ്രഖ്യാപിച്ചു.

ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.മഹാരാഷ്ട്ര,ഭുവനേശ്വർ, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിലും പ്രകടനം നടന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കർഷകരുടെ ആവശ്യങ്ങൾ തുറന്ന മനസ്സോടെ കേൾക്കണമെന്ന് അഭ്യർത്ഥിച്ചു. സമരം എത്രയും വേഗം അവസാനിപ്പിച്ച് സ്വന്തം വീടുകളിലേക്കു മടങ്ങാൻ കർഷകർക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം പ്രക്ഷോഭം നടത്തുന്ന സംഘടനാ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കർഷകരുടെ ചില ആശങ്കകൾ അവർ പങ്കുവെച്ചതായി ചർച്ചയ്ക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് ഒരു ദുർവാശിയുമില്ല. തുറന്ന മനസ്സോടെയാണ് സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നത്. താങ്ങുവില സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും മന്ത്രി പറഞ്ഞു.കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയും ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കും.

സ്വകാര്യ മേഖലയ്ക്കും കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾക്കും തുല്യ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സർക്കാർ നൽകിയതായി ചർച്ചയ്ക്കു ശേഷം സംഘടനാ നേതാക്കൾ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാൽ നിയമം പൂർണമായി പിൻവലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം.

താങ്ങുവില സംബന്ധിച്ചും നിയമ ഭേദഗതി സംബന്ധിച്ചുമുള്ള ചർച്ച മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത് പറഞ്ഞു.എങ്കിലും പ്രശ്‌നത്തിൽ പരിഹാരമാകുംവരെ തങ്ങളുടെ നിലപാട് മയപ്പെടുത്താൻ സമരസമിതി തീരുമാനിച്ചിട്ടില്ല. ചർച്ചയ്ക്കിടെ വിജ്ഞാൻ ഭവനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കർഷക നേതാക്കൾ വീണ്ടും നിരസിച്ചു.

കേന്ദ്ര സർക്കാർ വിളമ്പുന്ന ഭക്ഷണം തങ്ങൾക്കു വേണ്ടെന്നു വ്യക്തമാക്കിയ നേതാക്കൾ, സമീപമുള്ള സിഖ് ഗുരുദ്വാരയിൽ വിളിച്ച് ഭക്ഷണം ഏർപ്പാടാക്കി.ഗുരുദ്വാരയിൽ നിന്നു ആംബുലൻസിലാണ് ചായയും ലഘുഭക്ഷണവും എത്തിയത്.കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ അടുത്ത ഘട്ട ചർച്ച ഡിസംബർ അഞ്ചിന് നടക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ മരിച്ച 2 കർഷകരുടെ കുടുംബാംഗങ്ങൾക്കു പഞ്ചാബ് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.