ന്യൂഡൽഹി: മൻ മോഹൻ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ താങ്ങുവില കർഷകരുടെ അവകാശമാണ് എന്നു പറഞ്ഞ നരേന്ദ്ര മോദി ഇപ്പോൾ കർഷകരുടെ ആ അവകാശം നിഷേധിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ.താങ്ങുവില ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാൽ കർഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് ഹർസിമ്രത് കൗർ ബാദൽ ചൂണ്ടിക്കാട്ടി.പുതിയ കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കർഷകർ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവർ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവർ പ്രതികരിച്ചു.

നേരത്തെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് താങ്ങുവില കർഷർക്ക് നിയമം വഴിയുള്ള അവകാശമാക്കണമെന്നായിരുന്നു. അന്ന് ഈ വിഷയം മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള വർക്കിങ്ങ് കമ്മിറ്റിക്ക് അദ്ദേഹം സമർപ്പിക്കുകയും ചെയ്തിരുന്നു. അതേ നരേന്ദ്ര മോദി ഇന്ന് ഈഗോയിൽ കടിച്ചു തൂങ്ങി നിൽക്കാതെ കർഷകരെ കേൾക്കുകയും പ്രശ്നപരിഹാരത്തിന് മാർഗങ്ങൾ തേടുകയും വേണമെന്നും ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പട്ടു.