- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ നിന്ന് നൂറുട്രക്കുകൾ ഡൽഹിയിലേക്ക്; ഐക്യദാർഢ്യവുമായിസ്ത്രീകളും കുട്ടികളും;നിയമം പിൻവലിക്കാതെ പിന്മാറില്ലെന്ന് കർഷക സംഘടനകൾ; നിർണ്ണായക ചർച്ച ഇന്ന്
ന്യൂഡൽഹി: നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാട് കടുപ്പിച്ചതോടെ വരുംദിവസങ്ങളിൽ സമരം കൂടൂതൽ ശക്തമാകാൻ സാധ്യത. ഇതിന്റെ സൂചനയായി പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.
മധ്യപ്രദേശിൽ നിന്ന് 100 ട്രാക്ടറുകളിൽ കർഷകർ ഡൽഹിയിലേക്കു തിരിച്ചു.പ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഡൽഹി അതിർത്തിയിലേക്ക് എത്തുന്നുണ്ട്.ഗൃഹനാഥൻ തെരുവിൽ സമരം ചെയ്യുമ്പോൾ വീട്ടിൽ സ്വസ്ഥമായി കഴിയുന്നതെങ്ങനെയെന്ന ചോദ്യവുമായാണു മക്കളെയും കൂട്ടി സ്ത്രീകളും രംഗത്തിറങ്ങിയത്.ലക്ഷക്കണക്കിനു കർഷകർ അതിർത്തികളിൽ നിലയുറപ്പിച്ചതോടെ ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള ദേശീയ പാതകൾ പൊലീസ് അടച്ചു.
അതേസമയം കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നിർണായക ചർച്ച ഇന്നു നടക്കും. ഉച്ചയക്ക് രണ്ടിനു വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ 3 വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നതു തന്നെയാണ് കർഷകസംഘടനകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇതിന് പുറമെ, വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാർലമെന്റിൽ പാസാക്കണമെന്നും കർഷകർ ആവശ്യപ്പെടും.
താങ്ങുവില സംബന്ധിച്ച വാക്കാലുള്ള ഉറപ്പോ മറ്റ് ഒത്തുതീർപ്പ് നീക്കങ്ങളോ അംഗീകരിക്കില്ലെന്നും ഉറച്ച നിലപാടെടുക്കും. നിയമങ്ങളിൽ കർഷകർക്ക് എതിർപ്പുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ ഒരുക്കമാണെന്നു വ്യക്തമാക്കിയ സർക്കാർ, ഏതുവിധേനയും സമരം തീർക്കാനുള്ള വഴി തേടുകയാണ്. 15 വ്യവസ്ഥകളിൽ എതിർപ്പുണ്ടെന്നും അവയെല്ലാം മാറ്റുന്നതിനെക്കാൾ ഭേദം നിയമങ്ങൾ തന്നെ പിൻവലിക്കുന്നതാണെന്നുമാണു കർഷകരുടെ വാദം.
കർഷക സമരത്തിന് പിന്തുണയേറുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധങ്ങളായ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്.ഇന്ന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലം കത്തിക്കും.കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 8 മുതൽ അവശ്യ സാധനങ്ങൾ, ഭക്ഷ്യ പദാർഥങ്ങൾ എന്നിവയുമായുള്ള ട്രക്കുകളുടെ സർവീസ് നിർത്തിവയ്ക്കുമെന്ന് അഖിലേന്ത്യ മോട്ടർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.ഒപ്പം ഈ മാസം എട്ടിനു ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കർഷക സംഘടനകൾ, സിഐടിയു, എഐടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു.
ഹരിയാന അതിർത്തിയിലെ സിംഘുവിലുള്ള കർഷക നേതാക്കളെ ഫോണിൽ വിളിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രക്ഷോഭത്തിനു പൂർണ പിന്തുണ അറിയിച്ചു. പ്രക്ഷോഭ വിഷയത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണാൻ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. നിയമങ്ങൾ എത്രയും വേഗം പിൻവലിച്ച് കർഷകരോടു കേന്ദ്രം മാപ്പു പറയണമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
കർഷക പ്രക്ഷോഭത്തിനു പൂർണ പിന്തുണ നൽകുമെന്ന് ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല പറഞ്ഞു. ട്രാക്ടറുകളുമായി ഡൽഹി അതിർത്തിയിലേക്കു നീങ്ങാൻ പാർട്ടിയുടെ കർഷക വിഭാഗത്തിനു നിർദ്ദേശം നൽകിയെന്നും പ്രക്ഷോഭത്തിൽ ശിരോമണി അകാലി ദളിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.കർഷകരോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ചു പഞ്ചാബി നോവലിസ്റ്റ് ഡോ. ജസ്വിന്ദർ സിങ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകി. ദ്രോണാചാര്യ പുരസ്‌കാരം തിരികെ നൽകുമെന്നു ബോക്‌സിങ് മുൻ ദേശീയ പരിശീലകൻ ഗുർബക്‌സ് സിങ് സന്ധു അറിയിച്ചു.
ഇതിനിടെ, കോവിഡ് വ്യാപകമായി പടരുന്ന വേളയിലുള്ള പ്രക്ഷോഭം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ഓം പ്രകാശ് പരിഹാർ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.
ന്യൂസ് ഡെസ്ക്