- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരഭൂമിയിൽ നിന്നും ഒരാൾ കൃഷിയിടത്തേക്ക് മടങ്ങുമ്പോൾ പകരമെത്തുന്നത് പത്തുപേർ; രാജസ്ഥാനിൽ നിന്നും രണ്ടാം ഘട്ട ഡൽഹി ചലോ മാർച്ച് മുന്നേറുന്നത് ഹൈവേയിലൂടെ; നാളെ ചർച്ചയാവാമെന്ന് കേന്ദ്രകൃഷി മന്ത്രി; ആദ്യം നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് കർഷകരും; ഇനി രാജ്യം സാക്ഷ്യം വഹിക്കുക കർഷകരുടെ പട്ടിണി സമരത്തിനും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്നുറച്ച് കർഷകർ. സമരത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ഘട്ട ഡൽഹി ചലോ മാർച്ച് രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ചു. ഇന്നലെ മുതൽ രാജസ്ഥാനിൽ നിന്ന് കർഷകർ വലിയതോതിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാണ എന്നിവടങ്ങളിൽ നിന്നുള്ള കർഷകരുടെ തലസ്ഥാനത്തേക്കുള്ള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുന്നത്.
ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി -ജയ്പൂർ ഡൽഹി-ആഗ്ര ദേശീയപാതകൾ കർഷകർ ഉപരോധിക്കും. തുടർന്ന് തിങ്കളാഴ്ച സിംഘു അതിർത്തിയിൽ കർഷകസംഘടനാ നേതാക്കൾ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷകർ ദേശീയപാതകൾ പിടിച്ചടക്കുന്നത് തടയുന്നതിനായി നാലായിരത്തോളം പൊലീസിനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്. ഹരിയാന അതിർത്തി വരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച്. രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ് ഡി എം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഹരിയാന പൊലീസിനെ കൂടാതെ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. മാർച്ച് തടയാൻ റോഡിൽ ഭീമൻ കോൺക്രീറ്റ് ഭീമുകളും തയ്യാറാക്കിയിരിക്കുകയാണ്.
സിംഘു അതിർത്തിയിലേക്ക് ശനിയാഴ്ച ഓരോ പത്തുമിനിട്ടിലും നിരവധി കർഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിനൊപ്പം വിള പരിപാലനവും നടത്തേണ്ടതിനാൽ നേരത്തേ സമരത്തിൽ പങ്കെടുത്തവർ നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ പ്രതിനീധീകരിച്ച് മറ്റൊരുസംഘം അതേ ഗ്രാമത്തിൽ നിന്ന് അതിർത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ഒരാൾ മടങ്ങുമ്പോൾ അതിന് പകരം പത്തുപേർ എന്ന തോതിലാണ് കർഷകർ സമരത്തിനായെത്തുന്നത്. അതേസമയം, കർഷകസമരം തീർക്കാൻ നാളെ ചർച്ചയാവാമെന്ന് കേന്ദ്രകൃഷിമന്ത്രി വീണ്ടും സൂചന നല്കി . ബില്ലുകൾ പിൻവലിക്കുന്ന കാര്യം ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകർക്കിടയിൽ ഭീകരരുണ്ടെന്ന ബിജെപിയുടെ ആഭ്യൂഹത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് മറുപടി നൽകി കർഷക പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുന്നത് സർക്കാരിനും തലവേദന സൃഷ്ടിക്കുകയാണ്. സമരം തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ സ്വരം കടുപ്പിച്ചു അഖിലേന്ത്യ കർഷക സമര ഏകോപന സമിതിയും രംഗത്തെത്തി. പ്രക്ഷോഭത്തിൽ രാജ്യദ്രോഹികൾ ഉണ്ടെങ്കിൽ സർക്കാറിന് പിടികൂടാമല്ലോയെന്നാണ് കർഷകരുടെ വാദം.രാജ്യവിരുദ്ധ ശക്തികളാണു സമരത്തിനു പിന്നിലെങ്കിൽ അവരെ സർക്കാരിനു പിടികൂടാമല്ലോയെന്നും ഇന്റലിജൻസ് സംവിധാനമുണ്ടല്ലോയെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.ഖലിസ്ഥാൻ വാദികളെന്ന് ആരോപിച്ച് ആക്ഷേപിക്കാനാണു സർക്കാർ ശ്രമമെന്നു ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ കുറ്റപ്പെടുത്തി. എതിർസ്വരമയുർത്തുന്നവരെ ദേശവിരുദ്ധരാക്കുന്നതു ദൗർഭാഗ്യകരമാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർ മാപ്പു പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് സമരത്തെ സാമൂഹികവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകിയത്. ഇതു സംബന്ധിച്ചു കേന്ദ്രമന്ത്രിമാരടക്കം നടത്തിയ പ്രസ്താവനകളും വിവാദത്തിലായിരുന്നു.ഇതിനു പിന്നാലെയാണ് കർഷകർ സമരത്തിന്റെ രീതികൾ മാറ്റാൻ ആലോചിക്കുന്നത്.
പ്രക്ഷോഭത്തെ കൂടുതൽ തീവ്രമാക്കാനാണ് അഖിലേന്ത്യ കർഷക സമര ഏകോപന സമിതിയുടെ തീരുമാനം.കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുമ്പോഴാണ് കർഷകർ സമരരീതികൾ കടുപ്പിക്കുന്നത്. സമരത്തിന്റെ മുഖം മാറ്റുന്നതിന്റെ ഭാഗമായി കർഷകർ ഹരിയാനയിൽ ടോൾ ബൂത്തുകൾ ഏറ്റെടുത്ത് വാഹനങ്ങൾ സൗജന്യമായി കടത്തിവിട്ടു.ഹരിയാനയിൽ അംബാല ഹിസാർ ഹൈവേ, കർണാൽ ജിന്ദ് ഹൈവേ, ജിന്ദ് നിർവാണ ഹൈവേ, ദേശീയപാത 44ലെ ബസ്താര തുടങ്ങിയിടങ്ങളിലാണു കർഷകർ ടോൾ പിരിവു തടഞ്ഞത്. യുപിയിലെ അലിഗഡിലും കൗശംബിയിലും സമാന ശ്രമം തടഞ്ഞ് പൊലീസ് കർഷകരെ കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച രീതിയാണ് ഹരിയാനയിലേക്കും യുപിയിലേക്കും വ്യാപിച്ചത്. ഡൽഹി ജയ്പുർ ഹൈവേ ശനിയാഴ്‌ച്ച ഉപരോധിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും വഴിയിലെ തടസ്സങ്ങൾ മൂലം യാത്ര വൈകി. ഹരിയാന, പഞ്ചാബ് കർഷകർ ഇന്ന് ഉപരോധക്കാർക്കൊപ്പം ചേരും. തിങ്കളാഴ്‌ച്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ രാജ്യത്ത് എല്ലാ കലക്ടറേറ്റുകളുടെയും മുന്നിൽ ധർണയ്ക്കും ആഹ്വാനമുണ്ട്. ഈ സമയം, ഡൽഹി അതിർത്തിയിലെ സിംഘുവിൽ നേതാക്കൾ നിരാഹാരമിരിക്കും.സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ ഡിസംബർ 19നകം അംഗീകരിച്ചില്ലെങ്കിൽ ഉപവാസ സമരം ആരംഭിക്കുമെന്ന് കർഷക നേതാവ് ഗുർനാം സിങ് ചാരുണി പറഞ്ഞു.സൂചനസമരമെന്ന നിലയിൽ ഡിസംബർ 14ന് കർഷക യൂണിയൻ നേതാക്കൾ നിരാഹാര സമരം നടത്തുമെന്ന് യൂണിയൻ നേതാവ് കൺവാൽപ്രീത് സിങ് പന്നു അറിയിച്ചു.ഡിസംബർ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്ന് ജയ്പുർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകരുടെ ഡൽഹി ചലോ മാർച്ച് നടക്കും.യുപിയിലെ ഷാജഹാൻപുരിൽ നിന്നുള്ള ആയിരക്കണക്കിനു കർഷകർ ട്രാക്ടറുകളിലെത്തി ഡൽഹി ജയ്പുർ അതിർത്തി തടയുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങളുടെ ആവശ്യം നിയമങ്ങൾ പിൻവലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമൽ പ്രീത് സിങ് പന്നു പറഞ്ഞു.പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന കർഷകരുടെ വാഹനങ്ങൾ പൊലീസ് തടയുന്നുണ്ട്. ഈ നടപടി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം.കർഷകസമരത്തെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കർഷകർക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തി. എന്നാൽ ഞങ്ങൾ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിനുള്ള പിന്തുണ നാൾക്കുനാൾ വർധിക്കുകയാണ്.കേന്ദ്രസർക്കാരിന്റെ നിലപാടിൽ എതിർപ്പുമായി ബിജെപി സഖ്യകക്ഷികൾ തന്നെ രംഗത്തെത്തി.കർഷക പ്രക്ഷോഭത്തിനു പരിഹാരമില്ലെങ്കിൽ ഹരിയാനയിൽ സഖ്യസർക്കാരിൽ നിന്നു പിന്മാറണമെന്ന് പാർട്ടിയിൽ ആവശ്യം ശക്തമാകുന്നതിനിടെ, ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2 ദിവസത്തിനുള്ളിൽ വിളകൾക്കു താങ്ങുവില ഉറപ്പാക്കുമെന്നുമായിരുന്നു ചർച്ചയ്ക്കുശേഷം ദുഷ്യന്തിന്റെ പ്രതികരണം. 90 അംഗ നിയമസഭയിൽ, 10 അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. 7 എംഎൽഎമാരെങ്കിലും പാർട്ടിയുടെ നിലപാടിൽ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ നേതാവും രാജസ്ഥാൻ എംപിയുമായ ഹനുമാൻ ബേനിവാൾ ഡൽഹിയിലേക്കു മാർച്ച് തുടങ്ങി.കർഷകർക്കു ചെവികൊടുക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നു പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. ഈ നിയമങ്ങൾ ആർക്കു വേണ്ടിയാണോ അവർ ഇതു വേണ്ടെന്നു വ്യക്തമായി പറയുമ്പോൾ എന്തിനാണു സർക്കാരിനു കടുപിടുത്തമെന്നും ചോദിച്ചു.
അതേസമയം കർഷകബില്ലിന്റെ മേന്മ വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വരുമാനം വർധിപ്പിക്കാനും സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാനും കർഷകരെ സഹായിക്കുന്നതാണ് പുതിയ കൃഷി നിയമങ്ങളെന്നു പ്രധാനമന്ത്രി പറഞ്ഞു.3 നിയമങ്ങളും പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്ന് ഇതോടെ വീണ്ടും വ്യക്തമായി.മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ.കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ കർഷ സംഘടനകളുമായി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിൽ സമാനതകളില്ലാത്ത സമര മൂഹൂർത്തങ്ങൾക്കാവും വരും ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കുക
മറുനാടന് ഡെസ്ക്