- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ബിൽ: ചർച്ച ചൊവ്വാഴ്‌ച്ച; പരിഹാരമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകർ; സമരക്കാർക്ക് ഭക്ഷ്യധാന്യങ്ങളുമായി കൂടുതൽ ട്രക്കുകൾ ഡൽഹിയിലേക്ക്; സമരത്തിന് ഐക്യദാർഢ്യവുമായി മത്സത്തൊഴിലാളികളും; ഒരുമാസം പിന്നിട്ട് കർഷക സമരം
ന്യൂഡൽഹി: കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്തകർഷക സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം ഒരുമാസം പിന്നിട്ടു. നവംബർ 26-നാരംഭിച്ച കർഷകപ്രക്ഷോഭം ശനിയാഴ്ച ഒരുമാസം പൂർത്തിയായപ്പോൾ കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലേക്ക് എത്തിയതായിരുന്നു കാഴ്ച.
മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കിസാൻസഭയുടെ നേതൃത്വത്തിൽ 1000 കിലോമീറ്റർ സഞ്ചരിച്ചുള്ള 'ഡൽഹി ചലോ' മാർച്ച് ഡൽഹി-ജയ്പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേർന്നിട്ടുണ്ട്. രണ്ടാഴ്ചയോളമായി ഇവിടം ഉപരോധിക്കുകയാണ് കർഷകർ. നാസിക്കിൽനിന്നെത്തിയവർ ഇവർക്കൊപ്പം ചേർന്നു.രാജ്യതലസ്ഥാനാതിർത്തികൾ വരെ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാൻ ചൊവ്വാഴ്‌ച്ച വീണ്ടും കേന്ദ്രസർക്കാർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 11-ന് ചർച്ചയ്ക്കു തയ്യാറാണെന്ന് സംയുക്ത കിസാൻ മോർച്ച കേന്ദ്രസർക്കാരിനെ അറിയിച്ചു. യോഗത്തിൽ ചർച്ചചെയ്യാനുള്ള നാലിന അജൻഡയും കൃഷിമന്ത്രാലയം ജോയന്റ് സെക്രട്ടറി വിവേക് അഗർവാളിനയച്ച കത്തിൽ കിസാൻ മോർച്ച മുന്നോട്ടുവെച്ചു.മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക, ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപവരെ പിഴശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയിൽനിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതിബിൽ പിൻവലിക്കുക എന്നിവയാണ് ചർച്ചയ്ക്ക് കിസാൻ മോർച്ച മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങൾ.
എന്നാൽ കേന്ദ്രവുമായുള്ള ഈ ചർച്ചയിലും പ്രശ്‌നത്തിന് പരിഹാരമില്ലെങ്കിൽ സമരം രൂക്ഷമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. ഇതിന്റെ സൂചനയായി ഭക്ഷ്യ ധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനും കർഷകസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്്.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചു.പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം.ഡൽഹി-യു.പി. അതിർത്തികളിലും കൂടുതൽ കർഷകർ സമരഭൂമിയിലെത്തി.പുതുവത്സരാഘോഷം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു.കൂടുതൽ സമരരീതികളെക്കുറിച്ച് പുതുവത്സരദിനത്തിൽ അറിയിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഇതിനുപുറമെ കർഷകർക്ക് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളുമിറങ്ങുന്നുണ്ട്. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എംപി. അറിയിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെ മുഴുവൻ സംസ്ഥാനങ്ങളിലും തൊഴിലാളി-കർഷക ഐക്യം എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അതേസമയം കേരള ഗവർണറുടെ നടപടിയെ വിമർശിച്ച് കർഷകർ രംഗത്ത് വന്നു. കാർഷികനിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള സംസ്ഥാനസർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ രാഷ്ട്രീയ കിസാൻ മഹാസംഘ് കത്തയച്ചു. വിവിധസംസ്ഥാനങ്ങളിലെ 182 കർഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാൻ മഹാസംഘ്.
കർഷകരുടെ ആശങ്കകൾ മനസ്സിലാക്കണമെന്നും പിന്തുണയ്ക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു.
ന്യൂസ് ഡെസ്ക്