ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ കർഷകൻ മരിച്ചു. ആദായനികുതി ഓഫീസിന് മുൻപിൽ നടന്ന സംഘർഷത്തിലാണ് മരണം. പൊലീസ് വെടിവെച്ചപ്പോൾ ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്ന് കർഷകർ ആരോപിച്ചു.ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. എന്നാൽ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ഐടിഒയിൽ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ സംഭവ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. എന്നാൽ കർഷകന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ദേശീയ മാധ്യമങ്ങളിൽ ചിലരെ കർഷകർ തടഞ്ഞു. കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കർഷകർ മാധ്യമങ്ങളെ തടഞ്ഞത്.

ട്രാക്ടർ റാലിക്കിടെ പലയിടത്തും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളിൽ ലാത്തിച്ചാർജും നടന്നു . മൂന്നു വഴികളാണ് മാർച്ച് നടത്താനായി ഡൽഹി പൊലീസ് കർഷകർക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആറിടങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണം. കർഷക സമരത്തിൽ പങ്കെടുക്കാത്തവരും ട്രാക്ടർ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.