ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ ട്രാക്ടർ റാലിയിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഡൽഹിയിൽ നടപടി കർശനമാക്കി ഡൽഹി പൊലീസ്. അതിർത്തികളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം നിരോധിച്ചു. വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു.എൻഎച്ച് 44, ജി ടി കെ റോഡ്, ഔട്ടർ റിങ് റോഡ്, സിഗ്‌നേചർ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്‌ബിറ്റി റിങ് റോഡ്, വികാസ് മാർഗ്, ഐടിഒ,എൻഎച്ച് 24, നിസാമുദ്ദിൻ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവയിലെ ഗതാഗതമാണ് നിരോധിച്ചത്.പൊലീസ് നടപടിയുടെ ഭാഗമായി പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. എന്നാൽ പൊലീസ് നടപടിയിൽ പിന്തിരിയാതെ ചില പ്രതിഷേധക്കാർ, ചെങ്കോട്ടയ്ക്ക് മുകളിൽ സ്ഥാനമുറപ്പിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് നടത്തിയ ട്രാക്റ്റർ മാർച്ചിലെ സംഘർഷങ്ങളെ തള്ളി കർഷക സംഘടനകൾ. നഗരത്തിലേക്കു പ്രവേശിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.സംഘർഷങ്ങളെ തള്ളി ഭാരതീയ കിസാൻ യൂണിയൻ(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി. കർഷക റാലിക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആളുകളെ ഞങ്ങൾക്കറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടികായിത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.