- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പുരസ്കാരങ്ങൾ തിരിച്ച് നൽകും; കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കായികതാരങ്ങൾ
ജലന്ധർ: കർഷകർക്ക് പിന്തുണയുമായി കായികതാരങ്ങളും. പഞ്ചാബിലെ കായിക പുരസ്കാര ജേതാക്കളാണ് കേന്ദ്ര സർക്കാരിനെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച പുരസ്കാരങ്ങൾ തിരികെനൽകുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ പ്രമുഖ കായികതാരങ്ങളും പരിശീലകരും പത്രസമ്മേളനം നടത്തിയാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിംപിക് സ്വർണമെഡൽ ജേതാവും അർജുന ജേതാവുമായ ഹോക്കി താരം ഗുർമൈൽ സിങ്, ഒളിംപിക് ഹോക്കി താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ ചീമ, മുൻ ഇന്ത്യൻ ഹോക്കി കാപ്റ്റൻ രാജ്ബിർ കൗർ എന്നിവരടക്കമുള്ള കായികതാരങ്ങളാണ് കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച പുരസ്കാരങ്ങൾ മടക്കി നൽകി പ്രതിഷേധിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ പഞ്ചാബിലെ കായികതാരങ്ങൾക്ക് ലഭിച്ച എല്ലാ മെഡലുകളും തിരികെ നൽകുമെന്ന് പത്രസമ്മേളനത്തിൽ കായികതാരങ്ങൾ പറഞ്ഞു. 150ൽ അധികം പുരസ്കാരങ്ങൾ ഇത്തരത്തിൽ മടക്കിനൽകുമെന്ന് അവർ മുന്നറിയിപ്പു നൽകി.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽനിന്നുള്ള കലാകാരന്മാരും രംഗത്തെത്തിയിരുന്നു. ദിൽജിത് ദോസഞ്ജ്, ഹർഭജൻ, മൻ തുടങ്ങിയവർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്