- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിസാൻ ട്രാക്ടർ പരേഡിനു പിന്നാലെ കർഷക സമരത്തിന്റെ രൂപം മാറും; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെന്റ് വളയുമെന്നു കർഷകർ; സമരം ശക്തമാക്കുന്നത് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ; രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹം
ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷകർ, നാളെ നടക്കുന്ന കിസാൻ ട്രാക്ടർ പരേഡിനു പിന്നാലെ സമരത്തിന്റെ രൂപം മാറുമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. പാർലമെന്റ് വളയൽ ഉൾപ്പെടെയുള്ള സമര മുറകളിലേക്കാണ് കർഷകർ തിരിയുന്നത്. ഫെബ്രുവരി ഒന്നിനു പാർലമെന്റ് ഘരാവോ ചെയ്യാനാണ് സമരക്കാരുടെ തീരുമാനം. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെന്റ് വളയുമെന്നു കർഷകർ പറഞ്ഞു.
ട്രാക്ടർ പരേഡിൽ 3.5 ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരത്തും. ഗസ്സിപ്പുർ, സിംഘു, തിക്രി, പൻവൽ, ഷാജഹാൻപുർ അതിർത്തികളിൽനിന്ന് കർഷകർ നഗരത്തിലേക്കു വരും. 11 സംസ്ഥാനങ്ങളിൽനിന്ന് കർഷകരുടെ അവസ്ഥ കാണിക്കുന്ന നിശ്ചലദൃശ്യങ്ങളും ട്രാക്ടറുകളിൽ ഒരുക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലെ പരേഡിന് പിന്നാലെ ട്രാക്ടർ റാലിയും നടക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. കനത്ത സുരക്ഷയാണ് പൊലീസ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പൊലീസ് റിസർവിലെ സേനാംഗങ്ങളെ പൂർണമായും നഗരത്തിൽ വിന്യസിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ നിയന്ത്രിതമായ രീതിയിലാണ് രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാജ്പഥിലെ പരേഡ്.
പരേഡിന് ശേഷം തലസ്ഥാന നഗരിയിൽ അനുവദിക്കപ്പെട്ട പാതയിൽ ട്രാക്ടർ റാലി നടത്താനാണ് കർഷക സംഘടനകളുടെ നീക്കം. റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കർഷകരുടെ പ്രതിഷേധത്തിന് രാജ്യതലസ്ഥാനം വേദിയാകുന്നു എന്നത് ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തപ്പെടും. സമാനതകളില്ലാത്ത സാഹചര്യം നേരിടാൻ രാജ്യതലസ്ഥാനം കർശന സുരക്ഷാവലയത്തിലാണ്.
ഡൽഹി പൊലീസിലെ 67,000 പൊലീസ് ഉദ്യോഗസ്ഥർ ജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്നു. ഇതിന് പുറമേ അർധസൈനികവിഭാഗങ്ങളും. മെട്രോകളിൽ യാത്രക്കാരെ കയറ്റുന്നത് മൂന്നു പരിശോധനകൾക്കു ശേഷമാണ്. പരേഡ് കഴിഞ്ഞാലുടൻ ട്രാക്ടർ റാലി നടക്കുന്ന ഇടങ്ങളിലേക്ക് പോകണമെന്നാണ് സേനാംഗങ്ങൾക്കുള്ള നിർദ്ദേശം.
റിപ്പബ്ലിക് ദിന പരേഡ് എന്ന രാജ്യത്തെ ഏറ്റവും പ്രൗഡഗംഭീര ചടങ്ങ് കോവിഡിന് മുൻപിൽ വഴിമാറിയിട്ടില്ലെങ്കിലും ഇത്തവണ പ്രത്യേതകൾ ഏറെയാണ്. വിദേശ അതിഥിയായി പങ്കെടുക്കേണ്ടിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യാത്ര റദ്ദാക്കിയ പശ്ചാത്തലത്തിൽ പരേഡ് വീക്ഷിക്കാൻ 55 വർഷത്തിന് ശേഷം അതിഥിയില്ല.
മുൻവർഷങ്ങളിൽ ഒന്നരലക്ഷം ആളുകൾ പരേഡ് കാണാനെത്തിയിരുന്നെങ്കിൽ ഇത്തവണ സന്ദർശക പാസ് 25,000 ആയി ചുരുക്കി. വിജയ്ചൗക്കിൽനിന്ന് ചെങ്കോട്ട വരെയുണ്ടായിരുന്ന പരേഡ് ഇത്തവണ ഇന്ത്യാ ഗേറ്റിൽ സമാപിക്കും. മോട്ടോർ സൈക്കിൾ അഭ്യാസപ്രകടനവും വിമുക്തഭടന്മാരുടെ മാർച്ചും ഒഴിവാക്കി. എന്നാൽ, വിവിധ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യം രണ്ടുവർഷത്തിന് ശേഷം രാജ്പഥിലൂടെ രാജകീയമായി നീങ്ങും.
കർഷകർ രാജ്യതലസ്ഥാനത്തേക്ക്
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹം. റാലിക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ കർഷക സംഘടനകൾ മാർഗനിർദ്ദേശം പുറത്തിറക്കി. അതേസമയം സഞ്ചാര പാത സംബന്ധിച്ച് തർക്കങ്ങൾ ഉന്നയിച്ച നേതാക്കളുമായി പൊലീസ് ചർച്ച തുടരുകയാണ്. ഇന്നേവരെ കാണാത്ത അവകാശ പോരാട്ട റാലിക്കായിരിക്കും നാളത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം സാക്ഷ്യം വഹിക്കുക..
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച ശേഷം ഉച്ചയ്ക്ക് 12 മണിക്കാണ് 1 ലക്ഷം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ റാലി. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കർഷക നേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായിരിക്കും ട്രാക്ടറുകൾ അണിനിരക്കുക. ഒരു ട്രാക്ടറും നേതാക്കളുടെ കാറുകൾ കടന്ന് മുന്നോട്ടുനീങ്ങാൻ പാടില്ല.
സിംഘു, തിക്രി, ഗസ്സിപുർ എന്നിവിടങ്ങളിൽനിന്നു തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ട റുകളിൽ ദേശീയ പതാകയും കർഷക സംഘടനകളുടെ കൊടികളും മാത്രമേ ഉപയോഗിക്കാവൂ. അതേസമയം ഉപാധികളോടെ റാലിക്ക് അനുമതി നൽകിയതിൽ ചില കർഷക സംഘടനകൾ അതൃപ്തിയുമായി രംഗത്തു വന്നു. ഓൾഡ് റിങ് റോഡിലൂടെ റാലി നടത്താനാണ് താൽപര്യമെന്നും ഇപ്പോഴത്തെ സഞ്ചാരപാത അനുസരിച്ച് ഹരിയാനയിലൂടെയാണ് കൂടുതൽ സമയവും കടന്നു പോകുന്നതെന്നും നേതാക്കൾ പറഞ്ഞു.
ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ പെട്രോൾ പമ്പുകൾക്ക് നിർദ്ദേശം നൽകിയതായും ആരോപണമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കന്നാസുകളിൽ പോലും ഡീസൽ നൽകില്ലെന്ന് പമ്പുകളിൽ പോസ്റ്ററുകൾ പതിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ