- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ചലോ മുദ്രാവാക്യം രാജ്യമെങ്ങും മുഴങ്ങുന്നു; കർഷകരോട് തലസ്ഥാനത്തെത്താൻ ആഹ്വാനം; ഡിസംബർ 14-ന് രാജ്യവ്യാപക പ്രക്ഷോഭം; സമരത്തെ താറടിക്കുന്ന 'ഗോദി മീഡിയയ്ക്കും ബിഗ് ഡിസ് ലൈക്ക്; ബഹിഷ്ക്കരണ ആഹ്വാനത്തിൽ വെട്ടിലായി അദാനിയും അംബാനിയും; അമിത്ഷാ അധികാര ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കർഷക സമരം മാറുമ്പോൾ
ന്യൂഡൽഹി: അതിർത്തി കാക്കാൻ ചങ്കുറപ്പോടും വീറോടും നിൽക്കുന്ന സിഖുകാരായ ഭടന്മാരുടെ അതേ പോരാട്ടവീര്യമാണ് ഡൽഹിയിൽ തടിച്ചു കൂടിയിരിക്കുന്ന കർഷകർക്ക്. ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അവർ തറപ്പിച്ചു പറയുന്നു. തങ്ങളുടെ സമരത്തെ താറടിക്കുന്നവരെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള ഉജ്ജ്വലമായ പോരാട്ടം. കാർഷിക നിയമം പിൻവലിക്കാതെ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് ഇവരുടെ മുദ്രാവാക്യം. അതിന് തയ്യാറാകാത്ത കേന്ദ്രസർക്കാറിനെതിരെ സമരം പലവിധത്തിലാണ് അവർ കടുപ്പിക്കുന്നത്.
താങ്ങുവില ഉറപ്പാക്കാമെന്നും ആശങ്കയുള്ള വ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്നും കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ ഉറപ്പു തള്ളിയ കർഷകസംഘടനകൾ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. 'ഡൽഹി ചലോ' എന്നു പേരിട്ട പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ മറ്റു സംസ്ഥാനങ്ങളിലെ കൂടുതൽ കർഷകർ ഡൽഹിക്കെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഡിസംബർ 14-ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ച് രണ്ടാഴ്ചപിന്നിട്ട പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാൻ തീരുമാനിച്ചതായി കർഷകനേതാവ് ദർശൻപാൽ സിങ് മാധ്യമങ്ങളെ അറിയിച്ചു. തലസ്ഥാനം കൂടുതൽ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാർ നീങ്ങുന്നത്. ശനിയാഴ്ച ഡൽഹി-ജെയ്പുർ ദേശീയപാതയും ആഗ്ര-ഡൽഹി എക്സ്പ്രസ് പാതയും ഉപരോധിക്കുമെന്നും സമരക്കാർ പ്രഖ്യാപിച്ചു. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലെ റോഡുകൾ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നൽകി. ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചർച്ചയിൽനിന്ന് അവസാന നിമിഷം സംഘടനകൾ പിൻവാങ്ങിയിരുന്നു.
ചൊവ്വാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ 13 കർഷകസംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിലും സർക്കാർ മുൻവാഗ്ദാനങ്ങൾ തന്നെയാണു മുന്നോട്ടുവെച്ചത്. ഇതിൽ ക്ഷുഭിതരായാണ് കർഷർ ഇനി ചർച്ചക്കില്ലെന്നു പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉറപ്പുകൾ സംബന്ധിച്ച 20 പേജുള്ള കുറിപ്പ് സർക്കാർ കർഷകനേതാക്കൾക്കു നൽകിയത്. കർഷകർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാനുള്ള ഭേദഗതികളെല്ലാം നിയമത്തിൽ കൊണ്ടുവരാമെന്നാണ് രേഖാമൂലം നൽകിയിട്ടുള്ള വാഗ്ദാനം. കർഷകരുടെ ആശങ്കകൾ തുറന്നമനസ്സോടെ കേൾക്കാൻ തയ്യാറാണെന്ന് ശുപാർശകൾ രേഖാമൂലം കൈമാറിയ കൃഷിമന്ത്രാലയം ജോയന്റ്സെക്രട്ടറി വിവേക് അഗർവാൾ വ്യക്തമാക്കി.
പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച വൈകീട്ട് യോഗത്തിനുശേഷം ഉറപ്പുകൾ തള്ളി. ഭേദഗതികളല്ല, നിയമങ്ങൾ പൂർണമായും പിൻവലിക്കുകയാണു വേണ്ടതെന്ന ആവശ്യം നേതാക്കൾ ആവർത്തിച്ചു. വൈകീട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ കാർഷിക നിയമം പിൻവലിക്കണമെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടു.
കർഷകർക്കിടയിൽ ഗോദിമീഡിയ എന്നു വിളിക്കുന്ന സംഘപരിവാർ അനുകൂല മാധ്യമങ്ങളോട് കടുത്ത എതിർപ്പാണ് ഉയരുന്നത്. ഖലിസ്ഥാനി, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കർഷകരുടെ അവകാശപ്പോരാട്ടത്തിന് മേൽ ദേശവിരുദ്ധ മുദ്രകുത്താൻ ഒരുമ്പെട്ടവർക്ക് പിൻവാങ്ങേണ്ടി വന്നു. ഇപ്പോഴും അവരുടെ സമരത്തെ താറടിക്കുന്ന മാധ്യമങ്ങളുണ്ട്. അത്തരക്കാരോട് യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെയാണ് സമരക്കാർ പെരുമാറുന്നത്.
ഈ വ്യാജപ്രചാരണത്തിന്റെ വക്താക്കൾ ഒരുപിടി ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളാണെന്ന് കർഷകർ ആരോപിക്കുന്നു. ഗോദി മീഡിയ എന്ന വിളിപ്പേരിൽ അത്തരം ചാനലുകൾക്കെതിരെയുള്ള പ്രതിഷേധം മുദ്രാവാക്യങ്ങളായി സമരഭൂമിയിൽ നിറഞ്ഞു നിൽക്കുന്നു. വിവാദ കർഷക നിയമങ്ങളെ മാത്രമല്ല, ഇത്തരം മാധ്യമങ്ങളെയും വ്യാജ പ്രാചരണങ്ങളെയും ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നു.
'ഗോദി മീഡിയായാണ് ഭീകരവാദികളെന്നും ഖലിസ്ഥാനികളെന്നും വിളിക്കുന്നത്. ഞങ്ങൾ ഭീകരരല്ല, അന്നദാതാക്കളാണ്. ഗോദി മീഡിയ കർഷകർക്ക് ചീത്തപ്പേരുണ്ടാക്കാൻ നോക്കുകയാണ്.' സമരനേതാവായ ഗുർവീർ സിങ് പറയുന്നു. കർഷക സമരത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായാണെന്നും വിമർശനം ശക്തമാണ്. കാർഷിക നിയമങ്ങൾ നന്നായി അറിയാമെന്നും കർഷകരെ വിഡ്ഢികളാക്കാൻ നോക്കേണ്ടെന്നും കർഷകർ നരേന്ദ്ര മോദിയോട് പറയുന്നു. മോദി സർക്കാർ വഞ്ചകരും മനസ്സാക്ഷിയില്ലാത്തവരുമാണെന്നും ചില പോസ്റ്ററുകൾ ആരോപിക്കുന്നു.
കാർഷിക രംഗത്തെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമായാണ് വിവാദ കർഷക നിയമങ്ങളെ വിലയിരുത്തുന്നത്. അതിനാൽ സിംഘുവിലെ സമരപോരാളികൾ പറയുന്നു. കർഷകരെ കൊല്ലുന്നത് മോദി അവസാനിപ്പിക്കൂ. മോദിയുമായി സഖ്യത്തിലുള്ള അംബാനി സർക്കാരാണ് അധികാരത്തിലുള്ളത്. ജനങ്ങളുടെ അന്നം പിടിച്ച് പറിക്കാനാണ് അവരുടെ ശ്രമം. എല്ലാ സിസ്റ്റവും അവർ കൈപ്പിടിയിലാക്കാൻ നോക്കുകയാണ് ഗുർവീർ സിങ് പറഞ്ഞു.
കർഷക സമരത്തിൽ പങ്കെടക്കുന്ന അമ്മമാരെ കൂലി വാങ്ങി സമരം ചെയ്യുന്നവരായി ചിത്രീകരിക്കുന്ന ബോളിവുഡ് നടി കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. അവയോടുള്ള പ്രതികരണവും സമരഭൂമിയിൽ പ്രകടം. കങ്കണയെപ്പോലുള്ളവരെ ഭീരുക്കളായ ബോളിവുഡ് പാദസേവകരെന്നാണ് സമരക്കാർ വിശേഷിപ്പിക്കുന്നത്. പഞ്ചാബിൽ നിന്നും പിറവി കൊണ്ട്, രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിച്ച് ദേശ വ്യാപകമായി പടരുന്ന കർഷക രോഷം മുന്നോട്ടുവയ്ക്കുന്ന വിവിധത്തിലാണ് സമരം മുന്നേറുന്നത്. അദാനിയെയും അംബാനിയെയും ബഹിഷ്ക്കരിക്കണം എന്ന മുദ്രാവാക്യം കൂടി ഉയർന്നു വന്നതോടെ രണ്ട് കോർപ്പറേറ്റുകൾക്കും അത് വലിയ തിരിച്ചിടിയായി മാറിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ