- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചയിൽ തീരുമാനമായാൽ സമരം നിർത്താം; ആറ് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കർഷകരുടെ കത്ത്; സമരപരി പാടികളിൽ മാറ്റമില്ല; 29-ന് പാർലമെന്റ് മാർച്ച്; കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം അറിയിച്ചതായി സൂചന
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ആറു വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. താങ്ങുവില, വൈദ്യുതി ദേദതഗതി ബിൽ, കേസുകൾ പിൻവലിക്കൽ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായം, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിഷയങ്ങൾ ഉന്നയിച്ച് ഇമെയിൽ അയച്ചു.
മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, വൈദ്യുതി നിയമ ഭേദഗതി ബിൽ റദ്ദാക്കുക, ഡൽഹിയിൽ വായുമലിനീകരണം തടയുന്നതു സംബന്ധിച്ച നിയമത്തിൽ കർഷകരെ കുറ്റക്കാരാക്കുന്ന ഭാഗം ഒഴിവാക്കുക, കർഷക സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കുക, ലഖിംപുർ ഖേരി കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തു നിന്ന് പുറത്താക്കി അറസ്റ്റു ചെയ്യുക, മരിച്ച 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങ ചർച്ചയിൽ ഉന്നയിക്കാനാണ് തീരുമാനം. സർക്കാർ അനുകൂലമായ തീരുമാനമെടുത്താൽ സമരം നിർത്തി മടങ്ങുമെന്നും സംയുക്ത കിസാൻ മോർച്ച ഉറപ്പു നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്. ഈ മാസം 29ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകാൻ സിംഘുവിൻ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു.
സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച സമര പരിപാടികളിൽ മാറ്റമില്ലെന്ന് കർഷക സംഘടന നേതാവ് ബൽബീർ സിങ് രജേവൽ പറഞ്ഞു. നവംബർ 22-ന് മഹാപഞ്ചായത്ത്, 26-ന് അതിർത്തികളിൽസമ്മേളനങ്ങൾ, 29-ന് പാർലമെന്റ് ട്രാക്ടർ റാലി എന്നിവ നടക്കും. എന്നാൽ 29-ന് നടക്കുന്ന റാലി സംബന്ധിച്ച അന്തിമ തീരുമാനം 27-ലെ യോഗത്തിന് ശേഷമായിരിക്കും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
27-ന് ചേരുന്ന യോഗത്തിൽ കത്തിനുള്ള മറുപടി വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. നിലവിൽ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികൾ അതനുസരിച്ചുതന്നെ നടക്കും. സമരസമിതി നേതാക്കളെ സർക്കാർ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്.
താങ്ങുവില അടക്കം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കണ്ടന്ന നിലപാടിലാണ് കർഷക സംഘടനകൾ സിംഘുവിൽ യോഗം ചേർന്നത്. സംയുക്ത യോഗത്തിൽ ഈ മാസം 28 വരെയുള്ള സമരപരിപാടികൾ തുടരാൻ തീരുമാനിച്ചു. ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനം കൂടി വിലയിരുത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.
27 ന് കിസാൻ മോർച്ച വീണ്ടും യോഗം ചേരും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകുമെന്നാണ് വിവരം. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
പിൻവലിക്കൽ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാർലെമന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിന് ഒറ്റ ബിൽ അവതരിപ്പിച്ചാൽ മതിയാകും. എന്തുകൊണ്ട് നിയമങ്ങൾ പിൻവലിച്ചുവെന്നതിന്റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടർന്ന് രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങൾ റദ്ദാകും
മറുനാടന് മലയാളി ബ്യൂറോ