ഡബ്ലിൻ: അയർലണ്ടിൽ മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരേക്കാൾ ഹൃദ്രോഗ സാധ്യത ഏഴു മടങ്ങ് കൂടുതൽ കർഷകരിലാണെന്ന് പുതിയ കണ്ടെത്തൽ. രാജ്യത്തെ കർഷകരിൽ 80 ശതമാനത്തിലധികം പേർ അമിത വണ്ണമുള്ളവരാണെന്നും അതിൽ മിക്കവരുടേയും കുടുംബത്തിൽ ഹൃദ്രോഗബാധിതർ ഉണ്ടായിരുന്നുവെന്നുമാണ് പഠനം തെളിയിക്കുന്നത്. കർഷകരിൽ പകുതിയിലധികംപേർക്കും ഉയർന്ന കൊളസ്‌ട്രോളോ ഉയർന്ന രക്തസമ്മർദമോ കണ്ടുവരുന്നുണ്ടെന്നും ഐറീഷ് ഹാർട്ട് ഫൗണ്ടൻ നടത്തിയ സർവേയിൽ വ്യക്തമായി.

അയർലണ്ടിലെ കർഷകരിൽ പത്തിൽ നാലോ അതിലധികം പേർക്കോ കാർഡിയോ വാസ്‌ക്കുലാർ ഡിസീസിന് സാധ്യതയുണ്ടെന്നും അത് മരണത്തിലേക്ക് നയിക്കുന്നത്ര ഗുരുതരവുമാണെന്നാണ് ഐറീഷ് ഹാർട്ട് ഫൗണ്ടേഷൻ കണ്ടെത്തിയിരിക്കുന്നത്. കുടുംബചരിത്രം, ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, അമിത വണ്ണം എന്നിവയെയെല്ലാം  ഇത് ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ കർഷകരിൽ എൺപതു ശതമാനം പേർക്കും ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഹെൽത്ത് ചെക്കപ്പിനു ശേഷം ജിപിയെ സന്ദർശിക്കാനാണ് കർഷകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

കർഷകരിൽ 86 ശതമാനം പേർക്ക് അമിത ഭാരമോ, പൊണ്ണത്തടിയോ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം 82 ശതമാനം പേർക്കും ഹൃദ്രോഗ ബാധയുടേയോ പക്ഷാഘാതത്തിന്റെയോ കുടുംബചരിത്രവുമുണ്ട്. എച്ച്എസ്ഇയുടെ സഹകരണത്തോടെ ഐറീഷ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പുകളിൽ കർഷകർക്ക് ഹെൽത്ത് ചെക്കപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യമായി നടത്തുന്ന ഈ ക്യാമ്പിൽ ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, ബോഡി മാസ് ഇൻഡക്‌സ്, അരവണ്ണം തുടങ്ങിയവ പരിശോധിക്കാവുന്നതാണ്.

കർഷകരിൽ 35 ശതമാനത്തോളം പേർ അഞ്ചു ദിവസമോ ഒരാഴ്ചയിൽ കൂടുതലോ ശാരീരിക അധ്വാനത്തിൽ ഏർപ്പെടാറില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 64 ശതമാനത്തോളം പേർ ചിലപ്പോഴൊക്കെ മാനസിക സമ്മർദത്തിന് അടിമപ്പെടാറുണ്ട്. 18 ശതമാനത്തോളം കർഷകർ സ്ഥിരമായി പുകവലിക്കുന്നവരും 46.4 ശതമാനത്തോളം പേർ മദ്യപാനികളുമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. തങ്ങൾക്ക് ഹൃദ്രോഗ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ ജിപിയെ സ്ഥിരമായി സന്ദർശിക്കാനും എച്ച്എസ്ഇയുടെ ഹെൽത്ത് പ്രമോഷൻ തലവൻ കേറ്റ് ഹാർട്ടിഗാൻ പറയുന്നു. 20 മിനിട്ട് ചെലവഴിക്കുന്നത് തങ്ങളുടെ ജീവൻ തന്നെ രക്ഷിക്കാനുള്ള മാർഗമാണെന്നാണ് ഹാർട്ടിഗാൻ നിർദേശിക്കുന്നത്.