- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരെയും കൂസാത്ത അമിത്ഷായെയും കുലുക്കി കർഷകർ; നിയമം നടപ്പാക്കുന്നതിന് മുൻപ് കൂടിയാലോചന നടത്താത്തത് തെറ്റായിപ്പോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചെന്ന് കർഷകർ; മൂന്ന് നിയമങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ ഭേദഗതികൾ വരുത്താൻ തയ്യാറെന്ന് സർക്കാർ; ദേശവിരുദ്ധർ എന്ന് വിളിച്ചതിനെതിരെയും പ്രതിഷേധം; വിട്ടുവീഴ്ചയില്ലാതെ കർഷക സമരം തുടരുമ്പോൾ
ന്യൂഡൽഹി: കോർപ്പറേറ്റുകൾക്കെതിരായ ശക്തമായ കാമ്പയിനായി കർഷക സമരം മുന്നോട്ട് നീങ്ങവെ ആരെയും കൂസാത്ത അമിത്ഷായും അയയുന്നു. കാർഷിക നിയമത്തിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തങ്ങളോട് സമ്മതിച്ചുവെന്ന് കർഷക സംഘ നേതാവ്് ശിവ് കുമാർ കാക്ക മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ടാണ് കർഷകരോട് ആലോചിക്കാത്തതെന്ന് തങ്ങൾ അമിത് ഷായോട് ചോദിച്ചപ്പോൾ ചില തെറ്റുകൾ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്നാണ് ശിവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
മൂന്ന് നിയമങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാണെന്നും കർഷക നേതാക്കളോട് ഷാ പറഞ്ഞതായി ശിവ് കുമാർ പറഞ്ഞു.അതേസമയം, കാർഷിക നിയമം സംബന്ധിച്ച് സമരം ചെയ്യുന്ന കർഷകർക്കിടയിൽ തന്നെ ഭിന്നതയുണ്ടെന്ന വാദം അദ്ദേഹം നിഷേധിച്ചു. കാർഷിക നിയമം പിൻവലിക്കണമെന്നത് തങ്ങൾ ഒത്തൊരുമിച്ചെടുത്ത തീരുമാനമാണെന്നും തങ്ങൾക്കിടയിൽ ഒരു തർക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അല്ലാതെ ഭൂരിപക്ഷം നോക്കിയല്ലല്ലെന്നും ശിവ് കുമാർ കാക്ക പറഞ്ഞു.ചില ആളുകൾ ഇത് അംഗീകരിക്കുന്നുണ്ടോ മറ്റുള്ളവർ അത് അംഗീകരിക്കുന്നില്ലയോ എന്നല്ല, എല്ലാ യൂണിയനുകളും നിയമം റദ്ദാക്കണമെന്നാണ് പറയുന്നതെന്നും അതാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കർഷകരെ അധിക്ഷേപിച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി റാവു സാഹേബ് ദാൻവെനെ രൂക്ഷമായി വിമർശിച്ച് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തി. കാർഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കർഷകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി റാവു സാഹേബ് ദാൻവെ. കർഷക പ്രതിഷേധത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്നാണ് പറഞ്ഞത്.ഇതിനെതിരെയാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തിയയത്.കൃഷിക്കാർ സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും നീതി ലഭ്യമാക്കാൻ സാധിക്കാത്തത് സർക്കാരിനാണെന്നും ഡി.എസ്.ജി.എം.സി പ്രസിഡന്റ് എസ്. മഞ്ജിന്ദർ സിങ് സിർസ പറഞ്ഞു.
'കർഷകർ രാജ്യത്തിനുവേണ്ടി പോരാടുകയും മരിക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നു, അവരുടെ മക്കളും രാജ്യത്തിനായി സ്വയം രക്തസാക്ഷികളാകുകയും ചെയ്യുന്നു. അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കരുത്,' അദ്ദേഹം പറഞ്ഞു.നേരത്തെ കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രം നൽകിയ നിർദ്ദേശം കർഷകർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കർഷകരെ അപമാനിച്ച് രംഗത്തെത്തിയത്.നേരത്തെ സമാനമായ വാദവുമായി ഹരിയാന കാർഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികൾ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാൽ കർഷക പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
കാർഷിക നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കർഷകർ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം.ബിജെപി ഓഫീസുകൾ രാജ്യവ്യാപകമായി ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കർഷകർ അറിയിച്ചു.ഡിസംബർ 12ന് ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കുമെന്നും ഡിസംബർ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സമരസമിതി നേതാക്കൾ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ