- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമരം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റി; പരിഷ്‌കാരങ്ങൾ നടത്താൻ സർക്കാരിനെ അനുവദിക്കണമെന്ന് കൺവീനർ സർദാർ വി എം. സിങ്; സർദാർ സിങിന്റെത് സംഘടനയുടെ നിലപാട് അല്ലെന്ന് യോഗേന്ദ്രയാദവ്; കർഷക സംഘടനകൾക്കിടയിലെ ഭിന്നത മുതലെടുക്കാനൊരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് തലവേദനയായി കർഷക സമരം മാറിക്കൊണ്ടിരിക്കുന്നതിനിടെ കർഷകർക്കിടയിലെ ഭിന്നതും മറ നീക്കുന്നു. നോയിഡ-ഡൽഹി ദേശീയ പാത തുറക്കുന്നതിനെ ചൊല്ലി കർഷക സംഘടനാ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്ന. ഇതിന് പിന്നാലെ കേന്ദ്രസർക്കാരുമായുള്ള ചർച്ചയെ അനുകൂലിച്ച് പ്രമുഖ കർഷക നേതാവ് രംഗത്ത്. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി(എഐകെഎസ്സിസി) കൺവീനർ സർദാർ വി എം. സിങ് ആണ് കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
സമരം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രവുമായി ചർച്ച നടത്തുന്നതിൽ നിന്നു പിന്മാറുന്നതും ഒത്തുതീർപ്പിലെത്താതിരിക്കുന്നതും ശരിയല്ല. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറഞ്ഞ വിലയിൽ ആർക്കും കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കില്ലെന്ന് കേന്ദ്രം ഉറപ്പു നൽകുന്നുണ്ട്. അപ്പോൾ പരിഷ്‌കാരങ്ങൾ നടത്താൻ സർക്കാരിനെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സർദാർ സിങ്ങിനെതിരെ എഐകെഎസ്സിസിയുടെ മുതിർന്ന നേതാവായ യോഗേന്ദ്ര യാദവ് തന്നെ രംഗത്തെത്തി. സംഘടന സർദാർ സിങ്ങുമായി യോജിക്കുന്നില്ലെന്നും സംഘടനയുടെ അഭിപ്രായമല്ല അദ്ദേഹം പറഞ്ഞതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. യോഗേന്ദ്ര യാദവിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് മറ്റ് 13 നേതാക്കളും രംഗത്തെത്തി.നിയമം പിൻലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ ഏക്ത ഉഗ്രഹൻ വിട്ടു നിന്നു. നിരാഹാര സമരത്തിൽ നിന്നും തങ്ങൾ വിട്ടുനിൽക്കുകയാണെന്ന് സംഘടനയുടെ പഞ്ചാബ് ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് പറഞ്ഞു. 32 കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പങ്കെടുക്കുന്നുണ്ട്.
നോയിഡ-ഡൽഹി ദേശീയ പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ കിസാൻ യൂണിയനിലും നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. 14 ദിവസമായി അടഞ്ഞുകിടന്ന ദേശീയ പാത സംഘടനയുടെ അധ്യക്ഷനായ താക്കൂർ ഭാനു പ്രതാപ് സിങ് തുറന്നു നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ശനിയാഴ്ച നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് അതിർത്തി തുറന്നത്.
യൂണിയന്റെ ദേശീയ ജനറൽ സെക്രട്ടറി ചിംഹേന്ദ്ര സിങ് ചൗറോലിയും ദേശീയ വക്താവ് സതീഷ് ചൗധരിയും അതിർത്തി തുറക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. കർഷകരെ ഭാനു പ്രതാപ് സിങ് ഒറ്റുകൊടുത്തെന്ന് ഇവർ ആരോപിച്ചു. കർഷക സമരങ്ങളിൽ ഏറ്റവും മുൻനിരയിൽ നിന്നിരുന്ന സംഘടനയാണ് ഭാരതീയ കിസാൻ യൂണിയൻ. കേന്ദ്ര സർക്കാരിന്റെ വിവാദ നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശനിയാഴ്ച 15 കർഷക സംഘടന നേതാക്കൾ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
സമരത്തിൽ നുഴഞ്ഞുകയറിയിരിക്കുന്നത് ഇടത് ചിന്താഗതിക്കാർ
അതിനിടെ കർഷകരെ ഭിന്നിപ്പിക്കാനുള്ള സർക്കാറിന്റെ നീക്കമാണ് ഇതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഇടത് ചിന്താഗതിയിൽ വിശ്വസിക്കുന്ന ചിലർ സമരത്തിൽ 'നുഴഞ്ഞ്' കയറി കർഷകരെ സ്വാധീനിക്കുന്നുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആരോപിക്കുന്നത്. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമർ ആരോപിച്ചു.'സർക്കാർ വിജയകരമായി ചർച്ച ആരംഭിച്ചുവെങ്കിലും ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കർഷക യൂണിയന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ അമ്പരപ്പിക്കുന്നതാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഈ പ്രതിഷേധത്തെ സ്വാധീനിക്കുന്നു. രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അപലപനീയമാണ്, ഒരു തീരുമാനത്തിൽ എത്തുന്നതിന് ഈ ഘടകങ്ങൾ തടസ്സമാകുന്നു. ഈ ഘടകങ്ങൾ കർഷകരല്ല, മോദിവിരുദ്ധരാണ്'', ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര സിങ് തോമർ ആരോപിച്ചു.
നേരത്തെ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കർഷക പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിരുന്നു. സർക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദമായിരുന്നു രവിശങ്കർ ഉയർത്തിയത്
.കർഷക സമരത്തിന് പിന്നിൽ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നും രവിശങ്കർ പ്രസാദ് ബീഹാറിൽ സംസാരിക്കവേ ആരോപിച്ചിരുന്നുകർഷകർ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കർഷകരുടേതെന്ന പേരിൽ ബിജെപി കിസാൻ ചൗപാൽ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.കർഷകർ ഡിസംബർ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കിൽ താനും സംഘവും എത്തി കർഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവർത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്‌ബുക്കിലൂടെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, റാവോ സാഹേബ് ദാൻവെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയത്.എന്നാൽ, കാർഷിക നിയമം പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.
മറുനാടന് ഡെസ്ക്