- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമങ്ങൾ പിൻവലിക്കുമെന്ന ഉറപ്പു നൽകാൻ കേന്ദ്രം തയാറാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ; നിയമം പിൻവലിച്ചാൽ മാത്രമേ സമരം അവസാനിക്കൂവെന്ന് മറ്റ് സംഘടനകളും; കർഷക സമരത്തിന് ശക്തി കൂട്ടാൻ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം; ഒളിച്ചു കളിച്ച് കേന്ദ്ര സർക്കാരും
ന്യൂഡൽഹി: കർഷക സമരത്തിന് ശക്തി കൂട്ടാൻ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭത്തിനു കരുത്തു കൂട്ടും. ഇതിനിടെ, ഡൽഹിയുടെ അതിർത്തി മേഖലകളിൽ നിലയുറപ്പിച്ചിട്ടുള്ള കർഷകർ റിലേ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ സമരം കൂടുതൽ ശക്തമാകും. പ്രക്ഷോഭത്തിനു പരിഹാരവഴി തേടി വീണ്ടും ചർച്ചയ്ക്കു ക്ഷണിച്ചു കേന്ദ്ര സർക്കാർ അയച്ച കത്തിൽ അന്തിമ തീരുമാനമെടുക്കാൻ കർഷക സംഘടനകൾ ഇന്നു യോഗം ചേരും. നിയമം പിൻവലിച്ചാൽ മാത്രമേ സമരം അവസാനിക്കൂ.
കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി തൊഴിലാളി സംഘടനകളെയും അണിനിരത്താനാണ് ഇടത് സംഘടനകളുടെ തീരുമാനം. ഇതിന് അഖിലേന്ത്യാ കിസാൻ സഭ നേതൃത്വം നൽകും. ഇതിനായി വിവിധ തൊഴിലാളി സംഘടനകളുമായി കർഷക നേതാക്കൾ ചർച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ ചർച്ച ഇന്ന് നിർണ്ണായകമാണ്. ഇന്നത്തെ ചർച്ചയിൽ പങ്കെടുത്താലും നിയമങ്ങൾ പിൻവലിക്കണമെന്ന ഏക ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നു സംഘടനാ നേതാക്കൾ അറിയിച്ചു.
നിയമങ്ങൾ പിൻവലിക്കുമെന്ന ഉറപ്പു നൽകാൻ കേന്ദ്രം തയാറാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ തുറന്ന മനസ്സോടെ കേന്ദ്രം ശ്രമിക്കുകയാണെന്നു ചർച്ചയ്ക്കു ക്ഷണിച്ചുള്ള കത്തിൽ കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ പറഞ്ഞു.
അതിനിടെ സിപിഎമ്മിന്റെ കർഷക സംഘടന കിസാൻ സഭയുടെ പ്രവർത്തകർ മഹാരാഷ്ട്രയിൽനിന്നു ഡൽഹി കർഷക സമരവേദിയിലേക്കു വാഹനജാഥയായി തിരിച്ചു. ആയിരത്തിലേറെപ്പേർ നാസിക്കിൽ സംഘടിച്ചാണു യാത്രയാരംഭിച്ചത്. പഞ്ചാബിൽ പ്രാദേശിക കൃഷിച്ചന്തകളിലെ ഇടനിലക്കാരുടെ വസതികളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രക്ഷോഭത്തിനു പിന്തുണ നൽകുന്നതിനുള്ള പ്രതികാര നടപടിയാണിതെന്നു കർഷക സംഘടനകൾ ആരോപിച്ചു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്ററും മലയാളിയുമായ കെ.വി. ബിജു അറിയിച്ചു. 3 വിവാദ നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്നതാണു കർഷകരുടെ ആവശ്യം. അക്കാര്യത്തിൽ മാറ്റമില്ല. കർഷക സംഘടനകളെല്ലാം അതിൽ ഒറ്റക്കെട്ടാണ്. കേന്ദ്രം വഴങ്ങുംവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണു തീരുമാനം. മറ്റു സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും. നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു വഴിയും കേന്ദ്രത്തിനു മുന്നിൽ ഇല്ല.-ബിജു പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങളിൽ പലതും അംഗീകരിക്കുന്നതിനു നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്നു കേന്ദ്രം പറയുന്നു. കർഷകരാണു പിടിവാശി കാണിക്കുന്നതെന്നും കേന്ദ്രം ആരോപിക്കുന്നു. ഞങ്ങൾക്ക് കേന്ദ്രത്തോട് ചോദിക്കാനുള്ളത് ഇതാണ് കൃഷി സംസ്ഥാന വിഷയമാണ്. എന്തിനാണ് അതിൽ കയറി കേന്ദ്രം ഇടപെടുന്നത്? കൃഷി മേഖലയെ നിയന്ത്രിക്കാൻ കേന്ദ്ര നിയമങ്ങൾ കൊണ്ടുവന്നത് എന്തിനു വേണ്ടിയാണ്. കോർപറേറ്റുകളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാണിത്. ആ നിയമങ്ങളുടെ മറവിൽ രാജ്യത്തെ കൃഷി മേഖലയെ കോർപറേറ്റ്‌വൽക്കരിക്കാനുള്ള നീക്കമാണു നടക്കുന്നത്.-ബിജു പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ