ന്യൂഡൽഹി: കർഷക സമരം കൂടുതൽ ശക്തമാകും. സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്താമെന്ന കേന്ദ്ര തന്ത്രം കർഷകരും തിരിച്ചറിയുന്നു. ഡൽഹി അതിർത്തിയിൽ തുടരുന്ന സമരത്തിനു പിന്തുണ അറിയിച്ചു പഞ്ചാബിലും ഹരിയാനയിലും ഗ്രാമങ്ങളിൽ ഇന്നലെ ട്രാക്ടർ റാലികൾ നടന്നു. അതിനിടെ കോൺഗ്രസും അതിശക്തമായി സമരത്തിന് പിന്തുണയുമായി എത്തുകയാണ്. സമരഭടന്മാരിലെ പ്രായം ചെന്നവരുടെ ആരോഗ്യനില ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചിലരെങ്കിലും വിഷാദാവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നു സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നു. ഇതു തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ആഗ്രഹവും. മാനസികമായി തളർത്തി സമരത്തെ അട്ടിമറിക്കാനാണ് നീക്കം.

വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്നു സർക്കാരും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കർഷക സംഘടനകളും 8ാം തവണ നടന്ന ചർച്ചയിലും നിലപാട് എടുത്തിരുന്നു. ഇന്നലെ സമരം 45 ദിവസം പിന്നിട്ടു. അതിനിടെ, സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന ഒരു കർഷകൻ ജീവനൊടുക്കി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് സ്വദേശി അമരിന്ദർ സിങ്ങാണു (40) മരിച്ചത്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ മരിച്ചത്. സമരം രൂക്ഷമായിരിക്കെ, നിയമങ്ങൾ ഗുണകരമാണെന്ന വാദവുമായി കൺസോർഷ്യം ഓഫ് ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയിൽ എത്തി. കർഷകനിയമങ്ങളുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേർക്കണമെന്ന ആവശ്യവുമായാണു ഹർജി. ഇതിന് പിന്നിലും ബിജെപിയാണ്.

നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതാണെന്നും സമരത്തിലുള്ളവർക്കു പുറമേ മറ്റു കർഷകസംഘടനകളെയും കക്ഷിചേരാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കും. സുപ്രീംകോടതിയിൽ നിന്ന് നിയമത്തിന് അനുകൂലമായ വിധിയുണ്ടാക്കാനാണ് തീരുമാനം. അതിന് ശേഷം നിയമപരമായ വിഷയങ്ങളൊന്നും കർഷക സമരക്കാർ ഉന്നയിക്കുന്നില്ലെന്നും വരുത്തും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സമരം കൂടുതൽ ശക്തമാക്കുന്നത്.

കർഷക സമരത്തിനു പിന്തുണയുമായി ദേശവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കുന്ന 15ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയപാർട്ടി നേതാക്കളെ പങ്കെടുപ്പിക്കാതെ ഡൽഹി അതിർത്തിയിൽ, ഒരു മാസത്തിലേറെയായി തുടരുന്ന സമരത്തിൽ പിന്തുണയുമായി രാജ്യവ്യാപക സമരം വേണമെന്ന ചർച്ചയ്ക്കു തുടക്കമിട്ടതു പ്രിയങ്ക ഗാന്ധിയാണ്.

15ന് 'കിസാൻ അധികാർ' ദിനമായി ആചരിക്കും. പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണു യോഗത്തിൽ അധ്യക്ഷത വഹിച്ചത്. സമരത്തിനിടെ മരിച്ച കർഷകരോടുള്ള ആദരസൂചകമായി യൂത്ത് കോൺഗ്രസ് അന്നേദിവസം രക്തസാക്ഷി ദിനാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.