ന്യൂഡൽഹി : അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട യുപിയിൽ കൂടുതൽ മേഖലയിലേക്ക് വ്യാപിച്ച് കർഷകപ്രക്ഷോഭം. പടിഞ്ഞാറൻ യുപിക്കു പുറമെ കിഴക്കൻ യുപിയിലും പ്രക്ഷോഭം കരുത്താർജിച്ചെന്ന് സംയുക്ത കിസാൻ മോർച്ച. 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാൻ യുപിയിലെ എല്ലാ ജില്ലയിലും 17ന് കർഷക സംഘടനകൾ യോഗം ചേരും.

കഴിഞ്ഞ ദിവസം ലഖ്നൗവിൽ ചേർന്ന യോഗത്തിൽ 85 കർഷകസംഘടന പങ്കെടുത്തു. ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിനുള്ള ആലോചനായോഗം മറ്റ് സംസ്ഥാനങ്ങളിലും ചേരുന്നു. രാജസ്ഥാനിലെ ജയ്പുരിൽ ബുധനാഴ്ച കിസാൻ പാർലമെന്റ് ചേരും.


ഹിമാചൽ പ്രദേശിൽ ആപ്പിൾ കർഷകർ സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ആപ്പിളിന് താങ്ങുവില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. നിലവിൽ അദാനി അഗ്രി ഫ്രെഷ് എ ഗ്രേഡ് ആപ്പിൾ കിലോയ്ക്ക് 78 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. കഴിഞ്ഞ വർഷം കർഷർക്ക് കിലോയ്ക്ക് 88 രൂപ ലഭിച്ചു. തക്കാളി, കിഴങ്ങ്, വെളുത്തുള്ളി, കോളിഫ്‌ളവർ കർഷകരും താങ്ങുവില ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.