ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ നടന്ന് പോകുന്ന കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന അതിഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിനിടെ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെയും പത്രപ്രവർത്തകരുടെയും കുടുംബങ്ങൾക്ക് പഞ്ചാബ്, ഛത്തീസ്‌ഗഡ് സർക്കാരുകൾ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യുപി സർക്കാർ 45 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയെ നീക്കണമെന്നും മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുപി സർക്കാർ കർഷകരുമായി നടത്തിയ ചർച്ചയിലെ വാഗ്ദാനങ്ങൾ ഒരാഴ്ചയ്ക്കകം പാലിച്ചില്ലെങ്കിൽ ദേശവ്യാപക സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആഭ്യന്തര സഹമന്ത്രിയെ സംരക്ഷിക്കാനാണ് ബിജെപിയുടെ തീരുമാനം.

അതിനിടെ ഗുർവിന്ദർ സിങ് എന്ന കർഷകന്റെ മൃതദേഹം സംസ്‌കരിക്കാൻ ഒരുക്കമാണെന്ന് കുടുംബാംഗങ്ങൾ ജില്ലാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിനു വെടിയേറ്റിരുന്നു എന്ന ആരോപണമുന്നയിച്ച് ബന്ധുക്കൾ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി. പ്രാദേശിക മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ യുപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരെ ഇടിച്ചു തെറിപ്പിച്ച വാഹനം കയറിയാണ് രമൺ മരിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു.

ലഖിംപുർ ഖേരി സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു യുപിയിൽ നിന്നുള്ള 2 അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തെഴുതിയ പശ്ചാത്തലത്തിലാണ് ഇന്നലെ കേസെടുത്തത്. കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബഞ്ചാകും കേസ് പരിഗണിക്കുക. യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ നടപടി വൈകുന്നു എന്ന് കർഷക സംഘടനകൾ ആരോപിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ കേസ് വരുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കോടതിയുടെ പരാമർശം വന്നാൽ കേന്ദ്രം സമ്മർദ്ദത്തിലാകും.

ലഖിംപുർ ഖേരി ജില്ലയിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന കർഷകർക്കുനേരെ മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയതിനെ തുടർന്ന് എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒക്‌ടോബർ മൂന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്, 'എന്റെ മകൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല' എന്നായിരുന്നു.വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് എന്നാണ് ആരോപിക്കപ്പെടുന്നത്.

ട്വിറ്ററിൽ പ്രചരിക്കുന്ന 29 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മൂന്നു വാഹനങ്ങൾ റോഡിലൂടെ നീങ്ങുന്ന കർഷകക്കൂട്ടത്തിനുമേൽ പാഞ്ഞുകയറുന്നത് കാണാം. ഇടിയുടെ ആഘാതത്തിൽ കർഷകരിലൊരാൾ ബോണറ്റിലേക്ക് തെറിച്ചുവീണിട്ടും കാറിന്റെ വേഗം കുറച്ചതുപോലുമില്ല. നാലു പേർ തൽക്ഷണം മരിച്ചു. തൊട്ടുടനെ രണ്ടു വണ്ടികൾ, ഒരു ഫോർച്യൂണറും ഥാറും റോഡിൽ മറിയുകയും തീപിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. രോഷാകുലരായ കർഷകർ ഈ വാഹനങ്ങളിലൊന്നിലുണ്ടായിരുന്ന ആളെ മർദിക്കുന്ന വിഡിയോയും ലഭ്യമാണ്.

ഏഴു മണിയോടെ മരണം ഏഴായി; നാലു കർഷകർക്കു പുറമെ രണ്ടു ബിജെപി പ്രവർത്തകരും ഒരു വാഹനത്തിന്റെ ഡ്രൈവറും. ഇതിനു പുറമെ കർഷകപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും മരിച്ചു. വെടിയേറ്റ പാടുകളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയത്.തുടർന്ന് ആശിഷ് മിശ്ര എ.എൻ.ഐയോട് പറഞ്ഞത്, യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സന്ദർശിക്കാൻ പോയവരുടെ മൂന്നു വാഹനങ്ങൾക്കുനേരെ കർഷകർ കല്ലെറിയുകയായിരുന്നുവെന്നാണ്.

ബിജെപി പ്രവർത്തകരെയും ഡ്രൈവറെയും വാഹനങ്ങളിൽനിന്ന് 'വലിച്ചിഴച്ചിറക്കി' കൊല്ലുകയായിരുന്നുവെന്നും പ്രതിഷേധസ്ഥലത്തിനടുത്ത് രണ്ടു ദിവസമായി താനില്ലെന്നും ആശിഷ് പറയുന്നു.അതേസമയം, അദ്ദേഹത്തിന്റെ പിതാവ് എൻ.ഡി.ടി.വിയോട് പറഞ്ഞത് മകൻ തന്റെ സ്വദേശമായ ബൻവീർപുരിൽ ഉപമുഖ്യമന്ത്രിക്കും തന്നോടുമൊപ്പം ഗുസ്തിമത്സരം കാണുകയായിരുന്നുവെന്നാണ്. അക്രമത്തിനു പിന്നിൽ 'ഖലിസ്ഥാനി കരങ്ങൾ' ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.