ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിലൂടെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തുടർച്ചയായി പരിശ്രമിച്ചുവരികയാണ്. കർഷകരുമായി സമവായത്തിലെത്തിയിട്ടില്ല, എന്നാൽ കർഷകർക്ക് നൽകിയ ഉറപ്പിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
തങ്ങൾ രാജ്യത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാമെന്നും മോദി പറഞ്ഞു.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവർത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കർഷകർ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കർഷകർക്ക് സർക്കാരിനെ സമീപിക്കാം, പ്രധാനമന്ത്രി പറഞ്ഞു.കാർഷിക നിയമങ്ങൾ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം നിങ്ങളുടെ അനുയായികളെ അറിയിക്കുക. ചർച്ചകളിലൂടെ വേണം പ്രശ്നപരിഹാരം ഉണ്ടാക്കാൻ. നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, പ്രധാന മന്ത്രി പറഞ്ഞു.

സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനമുന്നയിച്ചു. കോൺഗ്രസിന്റെ ഗുലാം നബി ആസാദും തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപധ്യേയ്, ശിവസേന നേതാവ് വിനായക് റൗത്ത് എന്നിവർ സർക്കാരിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കർഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കൾ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി. അതേസമയം, ജെഡിയു നിയമങ്ങളെ പിന്തുണച്ച് നിലപാടെടുത്തു.

അതേസമയം, സമരം ചെയ്യുന്ന കർഷകർക്ക് എതിരെയുള്ള നടപടി കേന്ദ്രസർക്കാർ ശക്തമാക്കി. സിംഘു, തിക്രി, ഗസ്സിപ്പൂർ അതിർത്തികളിലും സമീപപ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ജനുവരി 31 രാത്രി 11 മണി വരെയാണ് നിയന്ത്രണം. പൊതുസുരക്ഷ കണക്കാക്കിയാണ് നടപടി. ഹരിയാന സർക്കാരാകട്ടെ 14 ജില്ലകളിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. 22 ജില്ലകളിൽ 17 ഇടത്ത് വോയ്‌സ് കോളുകൾ മാത്രമേ അനുവദനീയമായുള്ളു. സമര വേദികളിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയാനാണ് നടപടി.

സമരം 66 ാം ദിവസത്തേക്ക് കടന്നതോടെ, ഡൽഹി-ഹരിയാമന അതിർത്തിയായ സിംഘുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ദേശീയപാത-24 ഉം കൂടുതൽ കർഷകരുടെ വരവ് തടയാൻ അടച്ചിട്ടിരിക്കുകയാണ്.അതേസമയം, ഡൽഹി അതിർത്തികളിലെ മൂന്നു സ്ഥലങ്ങളിലും കർഷകർ രാവിലെ മുതൽ വൈകിട്ട് വരെ ഉപവാസം അനുഷ്ഠിക്കുകയാണ്.മഹാത്ജിയുടെ രക്തസാക്ഷിത്വദിനം സദ്ഭാവന ദിനമായി ആചരിക്കുന്നു.

തരൂരിനും രാജ്ദീപ് സർദേശായിക്കും എതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മാധ്യമപ്രവർത്തകനായ രജ്ദീപ് സർദേശായി, മൃണാൽ പാണ്ഡെ എന്നിവർക്കെതിരേ ഹരിയാനയിലും രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തു.റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിയാന പൊലീസ് കേസെടുത്തത്.നേരത്തേ, ഇതേ സംഭവത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് പൊലീസും രാജ്യദ്രോഹക്കുറ്റം ചുമത്തി ശശി തരൂരിനും മാധ്യമ പ്രവർത്തകർക്കുമെതിരേ കേസെടുത്തിരുന്നു