- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താങ്ങുവില സമ്പ്രദായത്തിൽ മാറ്റം ഉണ്ടാവില്ലെന്നും കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ; പുതിയ കാർഷിക നിയമം പുർണ്ണമായും പിൻവലിക്കുംവരെ സമരം പിൻവലിക്കില്ലെന്ന് കർഷകർ; ശനിയാഴ്ച വീണ്ടും ചർച്ച; സർക്കാറിന് വാശിയില്ലെന്ന് കൃഷി മന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷം പോലും ഛിന്നഭിന്നമായ ഒരു രാജ്യത്ത് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന ബിജെപിക്കും മോദി സർക്കാറിനും തീരാ തലവേദനയായി കർഷക സമരം തുടരുന്നു.കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന സംഘടനാ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. താങ്ങുവില സമ്പ്രദായത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് കർഷകസംഘടനാ നേതാക്കൾക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഉറപ്പുനൽകി. അടുത്ത ഘട്ട ചർച്ച ഡിസംബർ അഞ്ചിന് നടക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.കർഷകരുടെ ചില ആശങ്കകൾ അവർ പങ്കുവെച്ചതായി ചർച്ചയ്ക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് ഒരു ദുർവാശിയുമില്ല. തുറന്ന മനസ്സോടെയാണ് സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നത്. താങ്ങുവില സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും മന്ത്രി പറഞ്ഞു.
കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയും ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കും. സ്വകാര്യ മേഖലയ്ക്കും കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾക്കും തുല്യ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കും, മന്ത്രി പറഞ്ഞു.താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സർക്കാർ നൽകിയതായി ചർച്ചയ്ക്കു ശേഷം സംഘടനാ നേതാക്കൾ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാൽ നിയമം പൂർണമായി പിൻവലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം. താങ്ങുവില സംബന്ധിച്ചും നിയമ ഭേദഗതി സംബന്ധിച്ചുമുള്ള ചർച്ച മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് പറഞ്ഞു.
ഇതിനിടെ, ഡൽഹിയിലും അതിർത്തി മേഖലകളിലും സമരം ചെയ്യുന്ന കർഷകരുടെ പൊലീസ് ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമം സംഘർഷത്തിനിടയാക്കി. ഗസ്സിപുർ-ഗസ്സിയാബാദ് അതിർത്തിയിൽ പ്രക്ഷോഭകർ ബാരിക്കേഡുകൾ തകർത്തു. മീററ്റ്-ഡൽഹി എക്സ്പ്രസ് വേയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡിൽനിന്നുള്ള ആയിരത്തിലധികം കർഷകരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്.മോദി സർക്കാറിനെതിരൊയ പ്രതിഷേധം കൂടിയായി കർഷക പ്രതിഷേധം വളരുകയാണ്. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങിനെ മധ്യസ്ഥനാക്കി പ്രശ്നം പരിഹരിപ്പിക്കാനുള്ള അമിത്ഷായുടെ നീക്കവും പാളിയിരുന്നു.
മറുനാടന് ഡെസ്ക്