ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാനുള്ള അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി. അടുത്ത ചർച്ച ഡിസംബർ 9 ന് നടക്കും. കർഷകർ ഉന്നയിച്ച വിവിധ ആവശ്യങ്ങളുടെ വിവിധ വശങ്ങൾ പരിശോധിക്കുമെന്ന് അവരെ അറിയിച്ചതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. 'സമരപാത ഉപേക്ഷിച്ച് ചർച്ചയുടെ വഴിയിലേക്ക് യൂണിയനുകൾ വരണമെന്നാണ് തന്റെ അഭ്യർത്ഥന. നിരവധി റൗണ്ട് ചർച്ചകൾ ഇതിനകം അവരുമായി നടത്തിക്കഴിഞ്ഞു. കൂടുതൽ ചർച്ചകൾക്ക് സർക്കാർ സന്നദ്ധമാണ്, തോമർ പറഞ്ഞു. 'കർഷകരുടെ താൽപര്യങ്ങളോട് പ്രതിജ്ഞാബദ്ധമാണ് മോദി സർക്കാർ. സമരത്തിൽ അച്ചടക്കം പാലിക്കുന്നതിന് ഞാൻ യൂണിയനുകൾക്ക് നന്ദി പറഞ്ഞു. അവരുടെ സഹകരണത്തോടെ പ്രശ്‌നപരിഹാരമുണ്ടാകും എന്നാണ് പ്രതീക്ഷ'-തോമർ

അതേസമയം, ചർച്ചയുടെ തുടക്കത്തിൽ തന്നെ പുതിയ മൂന്നുനിയമങ്ങളും പിൻവലിക്കണമെന്നാണ് കർഷക യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്. ' ഭേദഗതി ആവശ്യമില്ലെന്ന് കർശന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. അടുത്ത യോഗം ഡിസംബർ 9 നാണെന്ന് സർക്കാർ അറിയിച്ചു. സർക്കാർ നിയമം പിൻവലിക്കുമെന്നാണ് കരുതുന്നത്'- അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിനിടെ യൂണിയന് നേതാക്കൾ ബഹിഷ്‌കരണ ഭീഷണി മുഴക്കി. എന്നാൽ, മന്ത്രിമാർ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. തങ്ങൾ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങില്ലെന്ന് നേതാക്കൾ സർക്കാരിന് ഉറപ്പുനൽകി. എന്താണ് തങ്ങൾ പ്രതിഷേധ സ്ഥലത്ത് ചെയ്യുന്നതെന്ന് ഐബി സർക്കാരിനെ അറിയിക്കുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

ഒരുസമഗ്രമായ നിർദ്ദേശം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ആഭ്യന്തരതലത്തിൽ കൂടുതൽ ചർച്ച നടത്തിയ ശേഷം ഡിസംബർ 9 ന് വീണ്ടും യോഗം നടക്കും. യൂണിയനുകൾ ഇതിന് സമ്മതം മൂളി. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും റെയിൽവെ മന്ത്രി പിയൂഷ് ഗോയലുമാണ് കർഷകരുമായി ഇന്ന് ചർച്ച നടത്തിയത്. അർഥ ശൂന്യമായ ചർച്ചയാണെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകരുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കാബിനറ്റ് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ കർഷ കർ ഉറച്ചു നിൽക്കുകയാണ്. നിയമ ഭേദഗതിയല്ല കർഷകർ ആവശ്യപ്പെടുന്നത് നിയമം പൂർണമായും പിൻവലിക്കണമെന്നാണെന്ന് കർഷക പ്രതിനിധി പറഞ്ഞു.

കർഷക സമരം 10 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിങ്ഖു അതിർത്തിയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രമുഖ പഞ്ചാബി ഗായകരെത്തി. കർഷകർക്ക് കൂടുതൽ ഉത്സാഹം പകരാൻ ആയിരുന്നു ശ്രമം. വിജ്ഞാൻ ഭവനിൽ കർഷക പ്രതിനിധികൾ എത്തിയത് യേസ് ഓർ നോ പ്ലാക്കാർഡുകളും ഏന്തിയായിരുന്നു. സർക്കാർ പുതിയ കർഷക നിയമങ്ങൾ പിൻവലിക്കുമോ എന്നായിരുന്നു അവർക്ക് അറിയേണ്ടത്.