- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമരത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്റെ മൃതദേഹം സംസ്കരിക്കില്ല; ഹരിയാനയിലെ ഗുരുദ്വാരയിൽ തന്നെ മൃതദേഹം സൂക്ഷിക്കും; കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി; ബിൽ കീറിയെറിഞ്ഞ് അരവിന്ദ് കെജ്രിവാൾ; കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കാതെ കർഷക സമരം തുടരുന്നു
ന്യൂഡൽഹി: രാജ്യതലസഥാനത്തെ വിറപ്പിക്കുന്ന കർഷക സമരം കേന്ദ്ര സർക്കാറിന്റെ ഭീഷണികൾക്ക് വഴങ്ങാതെ തുടരുനന്നു. സമരത്തോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതൻ ബാബ രാംസിങിന്റെ മൃതദേഹം കർഷക സമരം തീരാതെസംസ്‌കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. ഹരിയാനയിലെ ഗുരുദ്വാരയിൽ തന്നെ മൃതദേഹം സൂക്ഷിക്കും.
അതിനിടെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതിഷേധിക്കാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നാൽ ഡൽഹയിലെ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാനാകുമോ എന്നാണ് കേന്ദ്ര സർക്കാരിനോട് ചോദിച്ചത്. സർക്കാരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മറുപടി നൽകി.
പ്രക്ഷോഭത്തിനിടെ ഇന്ന് ഒരു കർഷകൻ കൂടി ഇന്ന് മരിച്ചു. ഡൽഹി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞു. കേന്ദ്രസർക്കാർ ബ്രിട്ടിഷുകാരേക്കാൾ മോശക്കാരാകരുതെന്നു കേജ്രിവാൾ പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ കാർഷിക നിയമങ്ങൾ പാസാക്കാൻ എന്തായിരുന്നു ധൃതിയെന്നും കെജ്രിവാൾ ചോദിച്ചു. കർഷക പ്രതിഷേധത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് കാർഷിക നിയമങ്ങളുടെ പകർപ്പ് കേജ്രിവാൾ വലിച്ചുകീറിയത്. 'ഞാൻ ഈ സഭയിൽ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറുകയാണ്. എന്തായിരുന്നു നിയമം പാസാക്കാൻ ഇത്ര ധൃതി. ഓരോ കർഷകനും ഭഗത് സിങ്ങുമാരായിരിക്കുകയാണ്. കർഷരെ സമീപിച്ച് ബില്ലിന്റെ ഗുണവശങ്ങൾ ബോധ്യപ്പെടുത്തുമെന്നാണു സർക്കാർ പറയുന്നത്. കർഷകരുടെ ഭൂമി ആരും തട്ടിയെടുക്കില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഇതോണോ അവർക്കു കിട്ടുന്ന ഗുണം.' - കേജ്രിവാൾ ചോദിച്ചു.
കേജ്രിവാളിനു പിന്നാലെ പല എഎപി എംഎൽഎമാരും ബില്ലിന്റെ പകർപ്പുകൾ കീറി. പ്രതിഷേധിക്കുന്ന കർഷകർക്ക് എഎപി എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് എംഎൽഎമാർ പറഞ്ഞു. മൂന്നാഴ്ചയായി സമരം തുടരുന്ന കർഷകർക്ക് കുടിവെള്ളവും വൈദ്യസഹായവും മറ്റും എഎപി എത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സിംഘുവിലെ കർഷകരെ കേജ്രിവാൾ സന്ദർശിച്ചിരുന്നു.സമരം ചെയ്യുന്ന കർഷകർക്ക് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ കത്തെഴുതിയതും വാർത്തയായി. താങ്ങുവില നിർത്താലാക്കുമെന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്ന നുണകൾ കർഷകർ വിശ്വസിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടാണ് മന്ത്രിയുടെ കത്ത്.താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകാൻ സർക്കാർ തയ്യാറാണെന്നും കത്തിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. 'ചില കർഷക സംഘടനകൾ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങൾ നീക്കേണ്ടത് എന്റെ ചുമതലയാണ്. റെയിൽവേ ട്രാക്കുകളിൽ ഇരിക്കുന്നവർ, നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികർക്ക് റേഷൻ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവർക്ക്, കർഷകരാകാൻ കഴിയില്ല.' കത്തിൽ കേന്ദ്രമന്ത്രി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ