ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർ കടുത്ത നിലപാട് സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ കർഷക സംഘടനകളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്താമെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കാമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, കർഷക സംഘടനകളുടെ നിലപാടും ഇന്നറിയാം. ചർച്ചയ്ക്കുള്ള തീയതിയും സമയവും അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രശ്നത്തിന് യുക്തിഭദ്രമായ പരിഹാരം കാണാൻ സർക്കാർ സന്നദ്ധമാണെന്ന് കത്തിൽ പറയുന്നു. സർക്കാർ വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചാൽ ചർച്ചയ്ക്കു തയാറാണെന്ന് ഇന്നലെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ സംഘടനകൾക്കു കത്തു നൽകിയത്. നേരത്തെ കർഷക സംഘടനാ നേതാക്കളും സർക്കാരും പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

അതിനിടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് എംപിമാരുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. രാഹുൽഗാന്ധി ഉൾപ്പെടെ മൂന്നു നേതാക്കൾ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി. രാഹുൽഗാന്ധി, ഗുലാം നബി ആസാദ്, ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.

അതേസമയം വിലക്ക് ലംഘിച്ച് പ്രതിഷേധം തുടർന്ന് നേതാക്കൾ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും നേതൃത്വത്തിൽ അക്‌ബർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കർഷക സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് സമാധാനപരമായ മാർച്ച് നടത്തിയത് പൊലീസ് തടഞ്ഞു. ഇത് ഫാസിസ്റ്റ് നടപടിയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.