ന്യൂഡൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ആറാം വട്ട ചർച്ചയും പരാജയപ്പെട്ടു.തിങ്കളാഴ്ച വീണ്ടും ചർച്ച നടക്കും. അജണ്ടയിൽ നാലിനങ്ങൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണത്തിൽ ധാരണയായി എന്നാണ് കേന്ദ്ര കൃഷ്ി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചത്. വളരെ ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നും കർഷക യൂണിയനുകൾക്ക് മൂന്നു കാർഷിക നിയമങ്ങളും റദദാക്കുകയാണ് വേണ്ടതെന്നും തോമർ പറഞ്ഞു.

കാർഷിക നിയമങ്ങൾക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിൻവലിക്കണമെന്ന് കർഷക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി നിയമത്തിലെ പരിഷ്‌കരണങ്ങൾ തങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്നാണ് അവരുടെ ഭയം, ജലസേചനത്തിന് സംസ്ഥാനങ്ങൾ നൽകുന്ന വൈദ്യുതി സബ്‌സിഡി തുടരണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ സമവായം ഉണ്ടായതായി തോമർ പറഞ്ഞു.

ഡൽഹിയിലെ കടുത്ത തണുപ്പ് പരിഗണിച്ച് മുതിർന്നവരെയും, സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി തോമർ പറഞ്ഞു. ജനുവരി നാലിനാണ് അടുത്ത വട്ട ചർച്ച. വൈദ്യുതി നിയമത്തിലെ ഇളവുകൾ തുടരുന്നതിനൊപ്പം വിളവെടുപ്പിന് ശേഷം വയലുകളിൽ കച്ചി കത്തിക്കുന്നതുമായി ബന്ധപ്പെട്ട വൻപിഴയിൽ നിന്ന് കർഷകരെ ഒഴിവാക്കാമെന്നും കേന്ദ്രസർക്കാർ സമ്മതിച്ചു.
മിനിമം താങ്ങ് വിലയിലും കാർഷിക നിയമങ്ങളിലൂമാണ് ഇനി ധാരണയാവാൻ ഉള്ളത്.

നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഒരു ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് മാർച്ച് ചെയ്യുമെന്നായിരുന്നു കർഷകരുടെ മുന്നറിയിപ്പ്. അതിനുള്ള ഒരുക്കങ്ങൾ ഗ്രാമങ്ങളിൽ തുടരുകയാണെന്ന് കർഷകർ വ്യക്തമാക്കി. അതേസമയം കർഷകരെ മാവോയിസ്റ്റെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. ആര്, എന്തുപറഞ്ഞുവെന്ന് അറിയില്ല. കർഷരോട് എന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ കടുംപിടുത്തം തുടർന്നാൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കർഷക സംഘടനകൾ നൽകിയിരുന്നത്.കർഷക സമരത്തിനെതിരെയുള്ള വിമർശനങ്ങൾ മയപ്പെടുത്താനും ഇപ്പോൾ സർക്കാർ ശ്രമിക്കുന്നുണ്ട്.

41 കർഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തത്..ഡിസംബർ 8ന് ശേഷം മുടങ്ങിയ ചർച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടന്നത്. ചർച്ചക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തി.

കർഷകർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രിമാർ

ഇരുപക്ഷവും കാർഷിക നിയമങ്ങളിൽ കടുത്ത നിലപാട് തുടരുമ്പോഴും കേന്ദ്രമന്ത്രിമാർക്ക് കർഷകർ ഉച്ചഭക്ഷണം പങ്കിട്ടത് ഹൃദ്യമായ കാഴ്ചയായി. കർഷകർ കൊണ്ടുവന്ന ഭക്ഷണം ആണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറിനും പീയുഷ് ഗോയലിനും ലഭിച്ചത്. ചോറും റൊട്ടിയും പച്ചക്കറികളും ധാന്യവുമാണ് കർഷകർ കഴിക്കാൻ കൊണ്ടുവന്നത്. സർക്കാരുമായുള്ള ചർച്ചകൾക്കിടെ കേന്ദ്രം നൽകുന്ന ഉച്ചഭക്ഷണം കഴിക്കാൻ കർഷകർ വിസമ്മതിച്ചിരുന്നു. സർക്കാർ ഒരുക്കുന്ന ചായ പോലും ഇവർ കുടിച്ചിരുന്നില്ല. പ്രതിഷേധ വേദിയിൽനിന്ന് ഒരുക്കിക്കൊണ്ടുവന്നിരുന്ന ഭക്ഷണമാണ് കർഷകർ കഴിക്കുന്നത്. മുൻപുള്ള ചർച്ചകൾക്കിടയിലും കർഷകർ തങ്ങളുടെ ഉച്ചഭക്ഷണം കഴിക്കാൻ കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിരുന്നു. എന്നാൽ മന്ത്രിമാർ ആ ക്ഷണം സ്വീകരിച്ചിരുന്നില്ല.