ന്യൂഡൽഹി: പുതുവർഷമായിട്ടും പരിഹാരമില്ലാതെ തുടരുകയാണ് ഡൽഹിയിൽ കർഷകരുടെ സമരം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ രണ്ടുകാര്യങ്ങളിൽ ധാരണയായെങ്കിലും മുഖ്യവിഷയങ്ങളിൽ ധാരണ ആയിട്ടില്ല. ഇതോടെ, തിങ്കളാഴ്ച നടക്കുന്ന ഏഴാം വട്ട ചർച്ചയ്ക്ക് മുന്നോടിയായി കർഷക യൂണിയനുകൾ കേന്ദ്രസർക്കാരിന്റെ മേലുള്ള സമ്മർദ്ദം ശക്തമാക്കി.

മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഉറപ്പ് എന്നീ കാര്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ ജനുവരി ആറ് മുതൽ സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നാക്കം പോയിട്ടുമില്ല. തങ്ങളുടെ ആവശ്യങ്ങളെ സർക്കാർ നിസ്സാരമായി കാണരുതെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല, കടുത്ത നിലപാടിൽ തന്നെ തുടരുകയാണ് അവർ.

'50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന അവകാശവാദങ്ങൾ വിലപ്പോവില്ല. ഞങ്ങളുടെമ ുഖ്യ ആവശ്യങ്ങളിൽ തീരുമാനം ആയിട്ടില്ല. ഇപ്പോഴും ആനയുടെ വാൽ മാത്രമാണ് കടന്നത്. ആന ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. സർക്കാർ തത്ത്വത്തിൽ പോലും മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഗ്യാരന്റിക്ക് സമ്മതിച്ചിട്ടില്ല', ജയ് കിസാൻ ആന്ദോളൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ യൂണിയൻ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.

തിങ്കളാഴ്ചത്തെ ചർച്ചയിൽ തൃപ്തികരമായ ഫലം ഉണ്ടായില്ലെങ്കിൽ, കർഷകർ കുണ്ഡ്‌ലി, മനേശർ-പൽവാൾ ഹൈവേയിൽ ജനുവരി ആറിന് പ്രതിഷേധ സൂചകമായി ട്രാക്ടർ മാർച്ച് നടത്തും. ഡിസംബർ 31 ന് ആലോചിച്ചിരുന്ന ട്രാക്ടർ മാർച്ച് ഡിസംബർ 30 ന് നടന്ന സർക്കാരുമായുള്ള ചർച്ച കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് മുന്നോട്ട് നീങ്ങുന്നത് സംബന്ധിച്ച തീയതി അടുത്താഴ്ച പ്രഖ്യാപിക്കും. സർക്കാരുമായുള്ള ചർച്ചയുടെ വിജയ-പരാജയങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനം എന്നും യാദവ് പറഞ്ഞു.

കാർഷിക നിയമങ്ങളിലെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നതിനോട് യൂണിയനുകൾക്ക് പൊതുവേ താൽപര്യമില്ല. അത് വൈകിക്കൽ തന്ത്രം മാത്രമായാണ് അവർ വിലയിരുത്തുന്നത്. 2018 ൽ പാർലമെന്റിൽ ഒരുസ്വകാര്യ അംഗം കൊണ്ടുവന്ന മിനിമം സപ്പോർട്ട് പ്രൈസ് ഗ്യാരന്റിയെ കുറിച്ചുള്ള ബിൽ സർക്കാരിന് മാതൃകയാക്കാമെന്നും യൂണിയനുകൾ പറയുന്നു. അന്ന് നടന്ന ചർച്ചയിൽ 21 പ്രതിപക്ഷ കക്ഷികൾ ബില്ലിന് പിന്തുണ നൽകിയ കാര്യവും അവർ എടുത്തുപറയുന്നു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സംയുക്ത യൂണിയൻ സ്വാഗതം ചെയ്തു. അതേസമയം, സർക്കാർ കർഷകരെ നിസ്സാരമായി കാണുകയാണെന്ന പരാതി അവർക്കുണ്ട്. പൗരത്വനിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിച്ചവരെ തുരത്തിയോടിക്കാൻ സർക്കാരിന് കഴിഞ്ഞു. അങ്ങനെ കർഷകരെയും തുരത്താമെന്നായിരിക്കും അവർ കരുതുന്നത്. എന്നാൽ, അങ്ങനെ ഒരുദിവസം ഉണ്ടാകില്ല, ഭാരതീയ കിസാൻ യൂണിയന്റെ യുദ്ധവീർ സിങ് പറഞ്ഞു. ഏതായാലും തിങ്കളാഴ്ചത്തെ ചർച്ചകൾ ഇതോടെ നിർണായകമാവുകയാണ്.