ന്യൂഡൽഹി: ആറാം റൗണ്ട് ചർച്ചകൾ പോലെയായിരുന്നില്ല ഏഴാം റൗണ്ട് ചർച്ചകൾ. നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കൂ, ഞങ്ങൾ ഞങ്ങളുടെയും-കർഷകർ തിങ്കളാഴ്ച കേന്ദ്രമന്ത്രിമാരുമായി ഉച്ചഭക്ഷണം പങ്കിടാൻ വിസമ്മതിച്ചതായി ഡൽഹി വിഗ്യാൻ ഭവനിൽ നിന്ന് വന്ന വാർത്ത തന്നെ ചർച്ചകളുടെ പോക്ക് എങ്ങോട്ടെന്ന സൂചനയായിരുന്നു. ചില കർഷകർ കസേരകളിൽ ഇരുന്നും, ചിലർ ഹാളിന്റെ തറയിൽ ചമ്രം പടഞ്ഞിരുന്നും ഉച്ചഭക്ഷണം കഴിച്ചു. മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും, സോം പ്രകാശും ഒക്കെ മറ്റൊരു മുറിയിലും. ആറാം വട്ട ചർച്ചയിൽ നരേന്ദ്ര സിങ് തോമറും, പീയൂഷ് ഗോയലും ഒക്കെ കർഷകർക്കൊപ്പം ആഹാരം പങ്കിടുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇന്ന് പ്രധാനപ്രശ്‌നത്തിൽ തീർപ്പാവാതെ വന്നതോടെ അന്തരീക്ഷം പാടേ മങ്ങി. ചർച്ചകൾക്ക് ശേഷം പുറത്തുവന്ന കർഷകരുടെ സംസാരത്തിലും അത് പ്രതിഫലിച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞെന്ന് കർഷകർ പറഞ്ഞു. 'നിയമങ്ങൾ പിൻവലിക്കില്ലെന്ന് കൃഷിമന്ത്രി കൃത്യമായി പറഞ്ഞു. നിയമങ്ങൾക്ക് എതിരെ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു'- കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു വലിയ ശക്തിപ്രകടനത്തിന് തയ്യാറാകാൻ ഞങ്ങൾ പഞ്ചാബിലെ യുവജനങ്ങളോട് ആവശ്യപ്പെടുകയാണ്'സർവൻ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരും, പിൻവലിക്കണമെന്ന നിലപാടിൽ കർഷകരും ഉറച്ചുനിന്നു.ഇതോടെയാണ് കർഷകരും കേന്ദ്രവും തമ്മിലുള്ള ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടത്.. വെള്ളിയാഴ്ച വീണ്ടും കേന്ദ്രവുമായി കർഷകർ ചർച്ച നടത്തും.നിയമം പിൻവലിക്കുന്നത് പരിഷ്‌കരണ നയങ്ങളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കുന്നതിൽ ചർച്ചയാകാമെന്നും കേന്ദ്രം വ്യക്തമാക്കി. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് വ്യക്തമാക്കിയത്.

തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയിക്കഴിഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയാറായിരുന്നു. എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.

ഇന്നത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകർക്ക് സർക്കാരിൽ വിശ്വാസമില്ലെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. വിശ്വാസമില്ലെങ്കിൽ അടുത്തവട്ട ചർച്ചയ്ക്ക് സമ്മതിക്കുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

കാർഷിക നിയമങ്ങളെ കുറിച്ച് വകുപ്പ് തിരിച്ച് ചർച്ചയാകാമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ അത് സാധ്യമായില്ല, തോമർ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റുവിഷയങ്ങളിൽ ചർച്ച ആവശ്യമില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജന.സെക്ര. ഹനൻ മൊള്ള പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കില്ല,. സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങ് വിലയിൽ നിയമപരമായ ഉറപ്പുനൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഏതായാലും അടുത്ത ചർച്ചയ്ക്ക് തീയതി കുറിച്ച് പിരിഞ്ഞുവെന്നത് ഇരുപക്ഷത്തിനും ആശാവഹമായ കാര്യമാണ്.