ന്യൂഡൽഹി: എട്ടാം റൗണ്ട് ചർച്ചയിലും മുൻ റൗണ്ടുകളുടെ ആവർത്തനം. കേന്ദ്രസർക്കാരും, കർഷകരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു. മൂന്നുകാർഷിക നിയമങ്ങളിലെ തർക്കമുള്ള വ്യവസ്ഥകളിലേക്ക് ചർച്ചചുരുക്കാമെന്നും നിയമങ്ങൾ പൂർണമായി പിൻവലിക്കുക സാധ്യമല്ലെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചയിൽ പറഞ്ഞു. 41 അംഗ കർഷക പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ, വിവിധ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം കർഷകർ നിയമങ്ങളെ സ്വാഗതം ചെയ്തതായി സർക്കാർ അവകാശപ്പെട്ടു.ദേശീയ താൽപര്യം കൂടി കർഷക യൂണിയനുകൾ കണക്കിലടുക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. ജനുവരി 15 ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, തങ്ങൾ വീടുകളിലേക്ക് മടങ്ങുന്നത്( ഘർവാപസി) നിയമങ്ങൾ പിൻവലിച്ച ശേഷം മാത്രം( ലോ വാപസി) എന്നാണ് ഒരുകർഷക നേതാവ് യോഗത്തിൽ പറഞ്ഞത്. കൃഷി സംസ്ഥാന വിഷയമാണെന്നും കേന്ദ്ര സർക്കാർ കൃഷി കാര്യങ്ങളിൽ ഇടപെടരുതെന്ന് വിവിധ സുപ്രീം കോടതി ഉത്തരവുകൾ ഉണ്ടെന്നും കർഷക നേതാക്കൾ ഓർമിപ്പിച്ചു. നിങ്ങൾക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് ഉണ്ടെന്ന് തോന്നുന്നില്ല. കുറെ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നു. കൃത്യമായ ഉത്തരം നൽകു..ഞങ്ങൾ മടങ്ങാം', എന്തിനാണ് എല്ലാവരുടെയും സമയം പാഴാക്കുന്നത്, മറ്റൊരു കർഷക നേതാവ് ചോദിച്ചു.

റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും കർഷകർ അറിയിച്ചു.കഴിഞ്ഞ ഏഴു തവണ കേന്ദ്ര സർക്കാർ ചർച്ച നടത്തിയപ്പോഴും നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിലായിരുന്നു കർഷകർ. പിന്നോട്ടില്ലെന്ന തീരുമാനത്തിൽ കേന്ദ്ര സർക്കാരും ഉറച്ചുനിന്നതോടെ ചർച്ചകൾ പരാജയപ്പെട്ടു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ - വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്കെത്തി. ഡൽഹി വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച.