- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുമായി സഹകരിക്കില്ല; സമിതിയിൽ എല്ലാവരും കാർഷിക നിയമങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ അനുകൂലികൾ; കോടതി വഴി സർക്കാർ ഈ കമ്മിറ്റിയെ കൊണ്ടുവരിക ആണെന്നും കർഷകയൂണിയനുകൾ; നിഷ്പക്ഷമെന്ന് സർക്കാരും
ന്യൂഡൽഹി: കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനിടെ അത് തീർക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങളുടെ ചായ് വിനെ ചൊല്ലിയും തർക്കം. നിഷ്പക്ഷ സമിതിയാണ് രൂപീകരിച്ചതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. സർക്കാർ എല്ലായ്‌പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും കർഷക യൂണിയനുകളാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജനുവരി 15 ന് നടക്കാനിരിക്കുന്ന ഒൻപതാം റൗണ്ട് ചർച്ചയെ കുറിച്ച് കേന്ദ്ര കൃഷിസഹമന്ത്രി കൈലാസ് ചൗധരി പറഞ്ഞു. 'കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് കേന്ദ്രസർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. നിയമങ്ങൾ സ്റ്റേ ചെയ്യുകയല്ല, നടപ്പാക്കുകയാണ് ഞങ്ങൾക്ക് വേണ്ടത്. എന്നിരുന്നാലും കോടതി തീരുമാനത്തെ ആദരിച്ച് സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി വിദഗ്ധസമിതിയുടെ തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിക്കും'- കൈലാസ് ചൗധരി പറഞ്ഞു.
10 ദിവസത്തിനകം ഡൽഹിയിലാണ് വിദഗ്ധ സമിതി ആദ്യയോഗം കൂടുന്നത്. നിയമങ്ങൾ സ്‌റ്റേ ചെയ്തതോടെ കർഷകർ താന്താങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി ഉപജീവനമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നാണ് സുപ്രീം കോടതി പ്രതീക്ഷിച്ചത്. എന്നാൽ, നിയമങ്ങൾ സ്റ്റേ ചെയ്തതിനെ സ്വാഗതം ചെയ്യുന്നെങ്കിലും സമരം തുടരുമെന്നും വിദഗ്ധസമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്നുമാണ് കർഷക യൂണിയനുകളുടെ നിലപാട്. സമിതിയിലെ അംഗങ്ങളെല്ലാം സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. അവർ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലൂടെ സമിതിയെ രംഗത്തിറക്കിയെന്നാണ് കരുതുന്നത്. ശ്രദ്ധതിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് വിദഗ്ധ സമിതി. സമിതി അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചാൽപ്പോലും അവരുമായി ചർച്ച നടത്താൻ തയ്യാറല്ല. എന്നാൽ, കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് നല്ലകാര്യമാണ്. തീരുമാനം സ്വാഗതാർഹമാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിൽ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും പഞ്ചാബിലെ കർഷക സംഘടനകൾ ചൊവ്വാഴ്ച വൈകീട്ട് വ്യക്തമാക്കി.
ജനുവരി 26 ന് നിശ്ചയിച്ചിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കർഷകർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ നോട്ടീസ് ഉണ്ടെങ്കിലും റിപ്പബ്ലിക് ദിനത്തിൽ പ്രക്ഷോഭം നടത്തും. പൂർണമായും സമാധാനപരം ആയിരിക്കും പ്രതിഷേധം. പാർലമെന്റിലേക്കും ചുവപ്പ് കോട്ടയിലേക്കും കർഷകർ മാർച്ച് നടത്തുമെന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ മാർച്ചിനെപ്പറ്റി ജനുവരി 15 നേ തീരുമാനിക്കൂ. അക്രമം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും കർഷക സംഘടനകൾ പറഞ്ഞു.
അടുത്ത പരിപാടി എന്തെന്ന് നിശ്ചയിക്കാൻ 40 യൂണിയനുകൾ അടങ്ങുന്ന സംയുക്ത കിസാൻ മോർച്ച യോഗം ചേരുന്നുണ്ട്.
വിദഗ്ധസമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം
കാർഷിക നിയമങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റും കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്‌സ് ആൻഡ് പ്രൈസസ് മുൻ ചെയർമാനുമായ അശോക് ഗുലാട്ടി, ഭാരതീയ കിസാൻ യൂണിയന്റെയും ഓൾ ഇന്ത്യ കിസാൻ കോഓർഡിനേഷൻ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂപീന്ദർ സിങ് മൻ, സൗത്ത് ഏഷ്യ ഇന്റർനാഷണൽ ഫുഡ് പോളിസി ഡയറക്ടർ പ്രമോദ് കുമാർ ജോഷി, ശേത്കരി സംഘതൻ പ്രസിഡന്റ് അനിൽ ഘൻവത് എന്നിവരാണ് സമിതിയിലുള്ളത്.
സമരം ചെയ്യുന്ന കർഷക സംഘടനകളിൽ നിന്നും സമരത്തിൽ ഇല്ലാത്തവരിൽ നിന്നും സമിതി വിവരങ്ങൾ തേടുകയും സർക്കാർ പ്രതിനിധികളുടെ ഭാഗം കേൾക്കുകയും വേണം. ഇതിനായി ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സമിതിക്ക് സിറ്റിങ് നടത്താം.
സമിതിയുടെ ഓഫീസ് അടക്കമുള്ള ഡൽഹിയിലെ സൗകര്യങ്ങൾ ഡൽഹി സർക്കാരും ഡൽഹിക്കു പുറത്തുള്ളവ കേന്ദ്ര സർക്കാരും സജ്ജമാക്കി നൽകണം.
വിദഗ്ധ സമിതിയോട് വിയോജിച്ച് യെച്ചൂരി
കാർഷിക നിയമങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി രൂപീകരിച്ച വിദഗ്ധ സമിതിയോട് വിയോജിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് ശരിയായ ചുവടുവയ്‌പ്പാണ്. കാർഷികരംഗത്ത് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌ക്കരണങ്ങൾക്കായി കർഷകർ അടക്കം എല്ലാവരുമായി ചർച്ച നടത്തണം. തുടർന്ന് നിർദ്ദേശങ്ങൾ പാർലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും സീതാറാം യച്ചൂരി പറഞ്ഞു