ന്യൂഡൽഹി: കേന്ദ്രസർക്കാരും കർഷക യൂണിയനുകളും തമ്മിലുള്ള ഒമ്പതാം വട്ട ചർച്ച നാളെ നടക്കാനിരിക്കെ വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയുമായി നേതാക്കൾ. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും, പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും കട്ടായം പറഞ്ഞതോടെ വെള്ളിയാഴ്ച എന്ത് അത്ഭുതം സംഭവിക്കുമെന്ന് കണ്ടറിയണം. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി ജനുവരി 19 ന് ആദ്യയോഗം ചേരുമെന്നിരിക്കെ, കർഷകരും യൂണിയനുകളും തമ്മിലുള്ള അവസാന യോഗമാകാനാണ് സാധ്യത. ഏതായാലും ഏല്ലാ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

സർക്കാരിന് സമരം അവസാനിപ്പിക്കാനുള്ള സദുദ്ദേശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹാൻ പിടിഐയോട് പറഞ്ഞത്. കമ്മിറ്റികളുടെ ആവശ്യമില്ല. മൂന്നുകാർഷിക നിയമങ്ങൾ പിൻവലിക്കുക, വിളകൾക്ക് മിനിമം താങ്ങ് വില കിട്ടുമെന്ന നിയമപരമായ ഉറപ്പും നൽകുക, ഇതാണ് ഞങ്ങൾക്ക് വേണ്ടത്, സിങ് പറഞ്ഞു. നവംബർ 28 മുതൽ ഡൽഹി അതിർത്തികളിൽ ക്യാമ്പ് ചെയ്യുന്ന കർഷരുടെ വികാരങ്ങൾ വച്ച് കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നാണ് മറ്റൊരു നേതാവായ അഭിമന്യു കോഹാർ പറഞ്ഞത്.കോടതിക്ക് നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞത്. അതേസമയം, തങ്ങൾക്ക് കർഷകരുമായി സംസാരിക്കുന്നതിന് ഈഗോയോ അന്തസോ തടസ്സമല്ലെന്ന് സുപ്രീം കോടതിയുടെ വിദഗ്ധ സമിതി അംഗമായ അനിൽ ഗൻവത്ത് പറഞ്ഞു. കർഷകരുടെ സമരസ്ഥലത്തേക്ക് പോയി ചർച്ച ചെയ്യാനും സമിതി തയ്യാറാണ്. കേന്ദ്രസർക്കാരുമായി കർഷകർ നടത്തുന്നത് അവസാനത്തെ ചർച്ച ആയിരിക്കുമെന്നും അതിന് ശേഷം കർഷകർ തങ്ങൾക്കൊപ്പം കൂടിയാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ട്. കർഷകർ ഞങ്ങളുടെ അടുത്തേക്ക് വരാൻ വിസമ്മതിച്ചാൽ, ഞങ്ങൾ അങ്ങോട്ടുപോകും. ഞങ്ങൾ അവരുടെ സഹോദരന്മാരാണ്. ഞങ്ങൾ അവർക്കൊപ്പം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇനിയും ചർച്ചകൾക്ക് തടസ്സമില്ല.

എന്നാൽ, സർക്കാർ വിളിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ സന്നദ്ധരെങ്കിലും, സുപ്രീം കോടതിയുടെ സമിതിയെ യൂണിയനുകൾ ചോദ്യം ചെയ്യുകയാണ്. നേരത്തെ നാലംഗ കമ്മിറ്റിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ അദ്ധ്യക്ഷൻ ഭൂപീന്ദർ സിങ് മാൻ ഒഴിവായിരുന്നു. കാർഷിക നിയമങ്ങളെ തുണയ്ക്കുന്നവരാണ് സുപ്രീം കോടതി വിദഗ്ധ സമിതി അംഗങ്ങൾ എന്നാണ് കർഷക യൂണിയനുകളുടെയും പ്രതിപക്ഷ കക്ഷികളുടെയും ആരോപണം.