- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നത്; കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി; ഇൻഷുറൻസിന്റെ വ്യവസ്ഥ പുതുക്കുമെന്നും കൃഷിമന്ത്രി; രാജീവ് ജീവനൊടുക്കിയത് പാട്ടകൃഷിയെ തുടർന്നുണ്ടായ ബാധ്യതയിൽ
തിരുവനന്തപുരം: തിരുവല്ലത്തെ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നതെന്ന് മന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കും. ഇതിനായി ഇൻഷൂറൻസിന്റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. ആർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ആത്മഹത്യയുടെ കാരണം അന്വേഷിക്കാൻ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് കഴിയുന്നത്ര സഹായം നൽകും. കാർഷിക മേഖലയിൽ സംരക്ഷണം സർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
തിരുവല്ല നിരണം സ്വദേശി രാജീവിനെയാണ് (49) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കടബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർഷിക ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പാടത്തെ വരമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പത്ത് ഏക്കർ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വ്യാപക കൃഷിനാശം ഉണ്ടായി. സർക്കാർ നൽകിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉൾപ്പെടെയുള്ള കർഷകർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.
മറുനാടന് മലയാളി ബ്യൂറോ