ബാംഗ്ലൂർ: രാഹുൽ ഗാന്ധിയുടെ പ്രേരണയാലാണ് വെള്ളിത്തിരയിൽ നിന്നും നടി രമ്യ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആദ്യതവണ തെരഞ്ഞെടുപ്പ് ഗോദയിൽ വിജയിച്ച രമ്യയ്ക്ക് രണ്ടാം തവണ കണക്കുകൂട്ടൽ തെറ്റിയതോടെ താൽക്കാലികമായി രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഇവർ. എന്നാൽ രാഹുൽ വീണ്ടും പ്രോത്സാഹനവുമായി രംഗത്തിറങ്ങിയതോടെ രമ്യ വീണ്ടും രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ രണ്ടാം വരവിൽ രമ്യ പ്രതിക്കൂട്ടിലാക്കിയത് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ തന്നെയാണ്.

കർണാടക സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാവും നടിയുമായ രമ്യ കർഷക ആത്മഹത്യയെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകി. കർഷകരെ വേണ്ടവിധം സംരക്ഷിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിന് രമ്യ റിപ്പോർട്ട് നൽകിയിരിക്കുന്നത്. നേരത്തെ കർണാടകത്തിൽ മാണ്ഡ്യയിൽ നിന്നും പാർലിമെന്റിലേക്ക് ജയിച്ചിരുന്ന രമ്യ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ പാർട്ടിയിൽ നിന്നും അകന്നു കഴിയുകയായിരുന്നു.

അടുത്തിടെ മാണ്ഡ്യയിൽ തിരിച്ചെത്തി ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് വീണ്ടും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് നടി നൽകുന്നത്. ഇതിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകളിൽ രമ്യ സന്ദർശനം നടത്തുകയും അവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കരിമ്പുകൃഷിക്ക് പേരുകേട്ട മാണ്ഡ്യയിൽ 35 കർഷകർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. മിക്കവരും കാർഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ആത്മഹത്യ ചെയ്തവരാണ്.

ഇവരുടെ പ്രശ്‌നങ്ങൾ മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ കണ്ട് രമ്യ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി സമരത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഹുലിനൊപ്പം രമ്യയും ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രമ്യ രാഹുലിന് റിപ്പോർട്ട് നൽകിയതെന്നാണ് വിവരം.