- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരത്തെ തകർക്കാൻ കേന്ദ്രം; കേന്ദ്ര പദ്ധതികളെ പൊളിക്കാൻ കൂടുതൽ കർഷകരെ ഇറക്കാൻ സമരസമിതി; കർഷകരെത്തുന്നത് ഗസ്സിപ്പുരിൽ നിന്ന്; പ്രദേശത്ത് കൂടുതൽ അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്
ഡൽഹി: രാവിനെപ്പകലാക്കി ഡൽഹിയിലെ കർഷകസമരം കൂടുതൽ ശക്തമാകുന്നു. സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ ശക്തമാക്കുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ സമരസമിതിയും നീക്കം ശക്തമാക്കി. സമരവേജിയിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനാണ് സമരസമിതി തീരുമാനം. ഇതോടെ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കർഷകപ്രവാഹമായി. കഴിഞ്ഞ രണ്ടു രാത്രികളും ഒരു പകലും പൊലീസും സമരക്കാരും മുഖാമുഖം നിന്ന ഡൽഹി-യു.പി. അതിർത്തിയിലെ ഗസ്സിപ്പുരിൽ കർഷകർ കൂട്ടത്തോടെ ഒഴുകിയെത്തി.ഗസ്സിപ്പുരിൽ സമരകേന്ദ്രം ഒഴിപ്പിക്കാൻ പൊലീസ് മൂന്നുതവണ നിർദ്ദേശം നൽകിയതിനെത്തുടർന്നായിരുന്നു ചെറുക്കാനുള്ള സമരക്കാരുടെ ശ്രമം.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ അഭ്യർത്ഥന മാനിച്ച് വ്യാഴാഴ്ച അർധരാത്രിതന്നെ പടിഞ്ഞാറൻ യു.പിയിലെ കർഷകരെത്താൻ തുടങ്ങി. ഹരിയാണയിലെ ഭിവാനി ജില്ലയിൽ നിന്നുള്ളവർ രാത്രി തന്നെ ഡൽഹിക്കു തിരിച്ചു. ഹിസറിലെ കിർമാര ഗ്രാമവാസികളും ഉടൻ പുറപ്പെടും. പടിഞ്ഞാറൻ യു.പിയിലെ മീററ്റ്, ഭാഗ്പഥ്, ബിജ്നോർ, മുസാഫർനഗർ, മൊറാദാബാദ്, ബുലന്ദ്ശഹർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ വെള്ളിയാഴ്ച രാവിലെ മുതൽ തമ്പടിച്ചു.
ഹരിയാണയിലെ റോഥക്ക്, ജിന്ദ് ജില്ലയിൽ നിന്നുള്ള കർഷകർ രാത്രിയോടെ തിക്രി അതിർത്തിയിലെ സമരകേന്ദ്രത്തിലുമെത്തി. ബൽബീർ സിങ് രജേവാൽ ഉൾപ്പെടെയുള്ള സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭ്യർത്ഥിച്ചതിനെത്തുടർന്ന് പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ നിന്നായി കൂടുതൽ കർഷകർ സിംഘു അതിർത്തിയിലുമെത്തി. അതിർത്തികളിൽ സുരക്ഷ കൂട്ടാൻ സർക്കാരും നടപടിയെടുത്തു.ഗസ്സിപ്പുരിൽ സമരം നയിക്കുന്നവർക്ക് രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് സർവപിന്തുണയും പ്രഖ്യാപിച്ചു. നേതാക്കളായ രാകേഷ് ടിക്കായത്തിനോടും സഹോദരൻ നരേഷ് ടിക്കായത്തിനോടും അദ്ദേഹം സംസാരിച്ചു. ഗസ്സിപ്പുരിലെ സംഘർഷാവസ്ഥയ്ക്കു പിന്നാലെ, നരേഷ് ടിക്കായത്ത് മുസാഫർനഗറിൽ വിളിച്ചു ചേർത്ത മഹാപഞ്ചായത്തിൽ ആയിരക്കണക്കിനു കർഷകർ പങ്കെടുത്തതും സമരം കരുത്താർജിക്കുന്നതിന്റെ വിളംബരമായി.പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.
അതസമയം കർഷകസമര വേദികൾക്ക് നേരെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി.