കാലംതെറ്റിയെത്തിയ കാറ്റും മഴയും ഉത്തരേന്ത്യയിലെ കർഷകരുടെ ജീവിതമാണ് തകർത്തത്. നശിച്ചുപോയ വിളകളെ നോക്കി വിലപിക്കുന്ന കർഷകർ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ നിരാശയിലാണ്. കടംവാങ്ങിയും പാട്ടത്തിനെടുത്തും നടത്തിയ കൃഷി നശിച്ചുപോയതോടെ ഒട്ടേറെപ്പേർ ജീവനൊടുക്കി. കർഷകർക്ക് കൈത്താങ്ങാകും എന്ന് കരുതിയ നരേന്ദ്ര മോദി സർക്കാരാകട്ടെ, കോർപറേറ്റുകളുടെ കീശ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയിലെ കർഷകരുടെ മനസ്സിൽ മോദിയുടെ പ്രതിഛായ തീരെ മങ്ങിയിരിക്കുന്നു.

കർഷകരെ സഹായിക്കാനുതകുന്ന നയങ്ങളുണ്ടാകുന്നില്ല എന്നതാണ് ഈ ഗ്രാമീണരുടെ മനസ്സിൽ മോദിയെ നായകനിൽനിന്ന് വില്ലനിലെത്തിച്ചിരിക്കുന്നത്. വിളകളുടെ വിലത്തകർച്ച തടയാനോ സബ്‌സിഡികളിലൂടെ കർഷകരെ സഹായിക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് അവർ പരാതി പറയുന്നു. കടം കയറിയതോടെ കർഷക ആത്മഹത്യകൾ ഉത്തരേന്ത്യയിൽ മുമ്പത്തെക്കാളും വ്യാപകമായിട്ടുണ്ട്.

കാർഷിക സബ്‌സിഡികളെക്കാൾ മോദി സർക്കാരിന് പ്രിയം നിക്ഷേപങ്ങളിലാണെന്ന് കർഷകർ പരാതിപ്പെടുന്നു. ഉത്തർ പ്രദേശിൽ ബിജെപിക്ക് അഭൂതപൂർവമായ വിജയം സമ്മാനിച്ച ഗ്രാമീണരാണ് പരാതിയുമായി രംഗത്തുള്ളത്. മോദി രക്ഷിക്കുമെന്ന് കരുതിയാണ് വോട്ട് ചെയ്തതെന്ന് ആത്മഹത്യ ചെയ്ത സഹോദരന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി ധർമേന്ദ്ര സിങ് എന്ന കർഷകൻ പറഞ്ഞു. വൈദി ഗ്രാമക്കാരനായ ധർമേന്ദ്രയുടെ സഹോദരൻ ബാബു സിങ്ങിന്റെ അഞ്ചേക്കർ പാടത്തെ ഗോതമ്പ് കൃഷിയാണ് നശിച്ചത്. ഇതേത്തുടർന്നാണ് ബാബു സിങ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

അടുത്ത രണ്ടുവർഷത്തിനിടെ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം നേടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഉത്തരേന്ത്യയിലെ കർഷക ഗ്രാമങ്ങളിലെ തകർച്ച ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരേറെയാണ്. ഭൂമിയേറ്റെടുക്കൽ ബില്ലും കർഷകരെ ദ്രോഹിക്കാനുള്ളതാണെന്ന് ഇവിടുത്തുകാർ കരുതുന്നു. കോൺഗ്രസ്സിന്റെ മുൻ ഹൃദയഭൂമിയായിയിരുന്ന ഇവിടെ മോദി പ്രഭാവത്തിലാണ് ബിജെപി അടിച്ചുകയറിയത്. മോദിയോടുള്ള ജനങ്ങളുടെ നിലപാടിൽ മാറ്റം വന്നുവെങ്കിലും അതൊന്നും മുതലാക്കാനാകാതെ കോൺഗ്രസ്സും കഷ്ടപ്പെടുകയാണ്.

ഉത്തരേന്ത്യയിലാകെ ഒരു കോടി ഹെക്ടർ സ്ഥലത്തെ കൃഷിയെങ്കിലും നശിച്ചിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, കർഷകരുടെ ആത്മഹത്യയും ഈ കൃഷിനാശവുമായി ബന്ധമുണ്ടെന്ന് കേന്ദ്രം വിശ്വസിക്കുന്നില്ല. സംസ്ഥാനങ്ങൾക്കുമാത്രമേ കൃഷിനാശത്തിന്റെ യഥാർഥ ചിത്രം കണ്ടെത്താനാകൂ എന്ന നിലപാടിലാണ് കേന്ദ്ര കാർഷിക മന്ത്രാലയം. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിന് ഇടപെടാനും സഹായിക്കാനും സാധിക്കൂ എന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.