കോഴിക്കോട്: ഫേസ്‌ബുക്കിലൂടെ ഇസ്ലാമിക വിമർശനം നടത്തിയതിന് കഴുത്തറത്തുകൊല്ലപ്പെട്ട കോയമ്പത്തൂരിലെ യുക്തിവാദിയും ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകനുമായ എച്ച് ഫാറൂഖിന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുകയാണ്. 2017 മാർച്ച് 16 ന് രാത്രിയാണ് 'കടവുൾ ഇല്ലെ' എന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഫാറൂഖ് കൊല്ലപ്പെടുന്നത്. എന്നാൽ സ്വതന്ത്രചിന്തകരായ ഏതാനും പേർ പ്രതിഷേധിക്കുന്നുവെന്ന് അല്ലാതെ കേരളത്തിൽ പലരും ഇത്തരം ഒരു കൊലയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.

മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഫാറൂഖിന്റെ മരണം അർഹിക്കുന്ന പരിഗണന കൊടുത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഘപരിവാർ ആക്രമണങ്ങളിൽ ഗൗരീലങ്കേഷും, ധബോൽക്കറും, ഗോവിന്ദ് പൻസാരെയുമെല്ലാം കൊല്ലപ്പെട്ടമ്പോൾ ഉണ്ടായ പ്രതിഷേധത്തിന്റെ നൂറിലൊന്നുപോലും ഫാറൂഖിന് വേണ്ടി ഉണ്ടായില്ല. മൂന്ന് വർഷം മുമ്പ് മാതൃഭൂമി സാഹിത്യേൽസവത്തിൽ ഫാറൂഖ് എന്ന നമ്മുടെ തൊട്ടുടത്ത് മതത്തിന്റെ പേരിൽ കൊല്ലപ്പെട്ടകാര്യം, ഡോ എം.എൻ കാരശ്ശേരി പറയുമ്പോൾ അത് പലരും കേട്ടിട്ടുപോലും ഇല്ലായിരുന്നു. ഇസ്ലാം പ്രതിക്കുട്ടിൽ നിൽക്കുന്ന സമയത്ത് കുറ്റകരമായ മൗനം പാലിക്കുന്ന എന്നത് പലപ്പോഴും നമ്മുടെ മാധ്യമങ്ങളുടെ ഒരു രീതിയായി മാറിയിരിക്കയാണ്.

ഐഎസ് മോഡലിൽ കഴുത്തറത്തുകൊല

പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളർന്നത്. അങ്ങിനെയാണ് പെരിയോറിസ്റ്റ് സംഘടനകളിലൊന്നായ ദ്രാവിഡർ വിടുതലൈ കഴകത്തിൽ അദ്ദേഹം അംഗമാവുന്നത്. ദൈവത്തിനും മതത്തിനും ജാതിക്കും താൻ എതിരാണെന്നും ഒരു മനുഷ്യനും താൻ എതിരല്ലെന്നും ആവർത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെതായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തീർത്തും നിരീശ്വരവാദിയായി ഫാറൂഖ് മാറി.

പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പലരും താക്കീത് ചെയ്തു. പക്ഷെ തന്റെ നിലപാടുകളിൽ ആ യുവാവ് ഉറച്ചു നിന്നു. അങ്ങിനെ 2017 മാർച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടിൽ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ആ യാത്ര തിരിച്ചുവരാത്ത യാത്രയാവുമെന്ന് പിതാവ് കരുതിയില്ല. ഐഎസ് തീവ്രവാദികളെപ്പോലെ ദയയുടെ കണികപോലുമില്ലാതെ ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികൾ ഫാറൂഖിനെ കൊലപ്പെടുത്തിയത്. കടുവുൾ ഉണ്ട് എന്ന് പറയുകയും അള്ളാഹു അക്‌ബർ വിളിക്കുകയും ചെയ്താൽ തന്നെ വെറുതെവിടാമെന്ന് അവർ പറഞ്ഞിട്ടും ഫാറൂഖ് വഴങ്ങിയില്ല. തുടർന്നാണ് കൊല നടന്നത് എന്നാണ് പ്രതികൾ പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നത്. ഫാറൂഖിന്റെ ഏതാനും സുഹൃത്തുക്കളെ അറസ്റ്റ്ചെയ്തു എന്നല്ലാതെ, സംഭവത്തിന്റെ സൂത്രധാരനെ ഇനിയും പിടികിട്ടിയിട്ടുമില്ല.

മതതീവ്രവാദത്തിനെതിരായ പ്രതികരണത്തിൽ സാംസ്‌കാരിക പ്രവർത്തകരും മതേതര രാഷ്ട്രീയ പാർട്ടികളും ഇരട്ടത്താപ്പ് പുലർത്തുകയാണെന്ന് ഫാറൂഖിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, പ്രൊഫസർ ഹമീദ് ചേന്ദമംഗലൂർ പറയാറുണ്ട്. ''കൽബുർഗിയും പാൻസാരയും ഗൗരിലങ്കേഷും കൊല്ലപ്പെട്ടപ്പോൾ പ്രതികരിച്ചവരാരും കോയമ്പത്തൂരിൽ യുക്തിവാദിയായ ഫാറൂഖ് എന്ന ചെറുപ്പക്കാരൻ മുസ്ലിം തീവ്രവാദികളാൽ കൊല്ലപ്പെട്ടപ്പോൾ മിണ്ടിയില്ല. ഞാൻ ഗൗരി എന്ന് സ്റ്റിക്കർ പതിച്ച് നടന്നവരാരും ഞാൻ ഫാറൂഖ് എന്ന് സ്റ്റിക്കർ പതിച്ചില്ല. ഇത് തീർത്തും ഇരട്ടത്താപ്പാണ്.

ഇന്ത്യയിൽ മുസ്ലിങ്ങൾ അപരവൽക്കരിക്കപ്പെട്ടവരാണെന്നും അതുകൊണ്ട് മുസ്ലിം തീവ്രവാദത്തെ എതിർക്കേണ്ടതില്ലെന്നുമുള്ള സാംസ്‌കാരിക ബുദ്ധിജീവികളുടെ വാദം ശരിയല്ല. ഉത്തരേന്ത്യ 700 വർഷത്തോളം ഭരിച്ചത് മുസ്ലിം രാജാക്കന്മാരായിരുന്നുവെന്ന് മനസിലാക്കാതെയാണ് അപരവൽക്കരണത്തെ ന്യായീകരിക്കുന്നത്. കഴിഞ്ഞ 40 വർഷമായി കേരളത്തിൽ സാമ്പത്തികമായി ഏറ്റവും ഉയർന്ന് നിൽക്കുന്ന സമുദായമാണ് ഇസ്ലാം. ഇസ്ലാമിക തീവ്രവാദത്തിനെയും ഹിന്ദു തീവ്രവാദത്തിനെയും ഒരേപോലെ എതിർക്കാതെ ഇരട്ടത്താപ്പ് കാട്ടുന്നതു കൊണ്ടാണ് രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നത്''- ഹമീദ് ചേന്ദമംഗല്ലൂർ പറയുന്നു.

എന്റെ മകനെ കൊന്നത് മതത്തിന്റെ പേരിൽ

2018ൽ കോഴിക്കോട് ടൗൺഹാളിൽ ചേകന്നൂർ മൗലവി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഫാറൂഖിന്റെ കുടുംബം എത്തിയിരുന്നു. അന്ന് പിതാവ് ആർ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞത് മതത്തെ വിമർശിച്ചു എന്നത് മാത്രമാണ് തന്റെ മകൻ ചെയത തെറ്റ് എന്നാതിരുന്നു. ''മതത്തിനെതിരെ, ദൈവത്തിനെതിരെ സംസാരിച്ചു എന്നത് മാത്രമാണ് എന്റെ മകൻ ചെയ്ത തെറ്റ്. അതിനാണ് അവരവനെ മൃഗീയമായി കഴുത്തറുത്തുകൊന്നത്. അവന്റെ ഗതി മറ്റാർക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമെ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.''- എച്ച് ഫാറൂഖിന്റെ പിതാവ് ആർ ഹമീദ് പറഞ്ഞു.

മകന്റെ വിശ്വാസങ്ങളോട് ഹമീദിന് ആദ്യമൊന്നും യോജിപ്പില്ലായിരുന്നു. എന്നാൽ തന്റെ ആശയത്തിൽ ഉറച്ചു നിന്ന മകന്റെ നിലപാടിനോട് പിന്നീട് ഹമീദിന് താത്പര്യം തോന്നി. കൊല്ലുന്ന സമയത്ത് പോലും ദൈവം ഉണ്ടെന്ന് പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു പ്രതികൾ അവനോട് പറഞ്ഞിരുന്നത്. ഇക്കാര്യം അവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഫാറൂഖിനെ കൊല്ലാനേ പറ്റുമായിരുന്നുള്ളു.. തോൽപ്പിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ആർക്കും അടിമയല്ല.എനിക്ക് ആരും അടിമയല്ല എന്നായിരുന്നു മകൻ എപ്പോഴും പറയാറുണ്ടായിരുന്നതെന്നും ഹമീദ് പറയുന്നു.

കോയമ്പത്തൂരിൽ ഉക്കടം ബസ് സ്റ്റാന്റിന് സമീപം അൽ അമീൻ കോളനിയിലാണ് ഹമീദ് താമസിക്കുന്നത്. ആക്രിക്കച്ചവടമായിരുന്നു ഫാറൂഖിന്. മകന്റെ മരണശേഷം ഭാര്യ ചെറിയൊരു കട നടത്തുന്നുണ്ട്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഫാറൂഖിന്റെ രണ്ട് മക്കൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. കേരളത്തിൽ നിന്ന് വലിയ തോതിൽ സഹായം കിട്ടിയിട്ടുണ്ടെന്നത് ഹമീദ് നന്ദിയോട് വ്യക്തമാക്കുന്നു. ഫ്രീ തിംങ്കേഴ്‌സ് ഗ്രൂപ്പ് നാല് ലക്ഷവും യുക്തിവാദി സംഘം ഒരു ലക്ഷം രൂപയും പിരിച്ചെടുത്ത് നൽകി. ദ്രാവിഡർ വിടുതലൈ കഴകം 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ച് നൽകിയത്. മകന്റെ മരണശേഷം ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ട്. അവന്റെ ഓർമ്മയിൽ തങ്ങൾ ജീവിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലപാടുകൾക്ക് വേണ്ടി ചേകന്നൂർ മൗലവി കൊല ചെയ്യപ്പെട്ടിട്ട് കാൽ നൂറ്റാണ്ട് തികയുന്നവളയിലാണ്, അദ്ദേഹത്തെ അനുസ്മരിക്കുന്ന വേദിയിൽ നിലപാടുകൾക്ക് വേണ്ടി മരണപ്പെട്ട മകന്റെ ഓർമ്മകളുമായി, മത തീവ്രവാദത്തോട് പോരാടാനുള്ള മനസ്സുമായി ആ പിതാവ് സധൈര്യം നിന്നത്.വർഗ്ഗീയതയോടും തീവ്രവാദത്തോടും പോരാട്ടം തുടരുന്ന കേരളത്തിന്റെ പിന്തുണ എന്നും തനിക്കുണ്ടാവുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. പക്ഷേ ഫാറൂഖിന്റെ മരണത്തിന് അഞ്ചുവർഷം തികയുന്ന വേളയിൽ കേരളത്തിലും, സോഷ്യൽ മീഡിയയിലെ അനുസ്മരണങ്ങൾ ഒഴിച്ചാൽ കാര്യമായ ഒരു പരിപാടിയും നടന്നിട്ടില്ല.